Deshabhimani

വിലക്കയറ്റം രൂക്ഷം: യൂറോപ്പിൽ പ്രതിഷേധം ആളിക്കത്തുന്നു, ഫ്രാൻസിൽ ചരിത്രപ്രസിദ്ധമായ ടൗൺഹാളിന് തീയിട്ടു

europe protest cost of living
വെബ് ഡെസ്ക്

Published on Oct 18, 2026, 11:56 AM | 2 min read

പാരിസ്: വിലക്കയറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമായതിനെ തുടർന്ന് യൂറോപ്പിൽ പ്രതിഷേധം ആളിപ്പടരുന്നു. ഫ്രാൻസിൽ അഞ്ചരലക്ഷത്തിലേറെ പേർ തെരുവിലിറങ്ങിയപ്പോൾ ഇറ്റലി, ബെൽജിയം, പോർച്ചുഗൽ രാജ്യങ്ങളിലും ജനരോഷം ശക്തമായി. അനിയന്ത്രിതമായി ഉയരുന്ന വിലക്കയറ്റം, കുറഞ്ഞ വേതനം, രൂക്ഷമായ ഭവനപ്രതിസന്ധി, വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തത എന്നിവയ്ക്കെതിരെയാണ് സാധാരണക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുന്നതിൽ സർക്കാരുകളുടെ സാമ്പത്തികനയങ്ങൾ പരാജയപ്പെടുന്നതായുള്ള അതൃപ്തിയാണ് പ്രക്ഷോഭങ്ങൾക്ക് കാരണം. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്.


ഫ്രാൻസിലാണ് പ്രതിഷേധം ഏറ്റവും ശക്തമായി പ്രകടമായത്. ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികളും തൊഴിലാളികളും യുവാക്കളും യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമടക്കം ലക്ഷങ്ങൾ അണിനിരന്നു. പ്രതിഷേധത്തിനിടെ ലിമോജ് നഗരത്തിലെ 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ടൗൺഹാൾ അഗ്നിക്കിരയായി. മേൽക്കൂര തകർന്നുവീണു. പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും തെരുവുകളിൽ തീയിടുകയും ചെയ്തു.


ഫ്രാൻസിൽ ആളിക്കത്തി പ്രതിഷേധം


ഫ്രാൻസിൽ ശനിയാഴ്ച നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ അഞ്ചരലക്ഷത്തിലേറെ പേർ പങ്കെടുത്തു. എട്ടുലക്ഷം പേർ പങ്കെടുത്തെന്നാണ് സംഘാടകരുടെ കണക്ക്. വിദ്യാർഥി സംഘടനകൾക്കും തൊഴിലാളി യൂണിയനുകൾക്കുമൊപ്പം 2018ൽ ഫ്രാൻസിനെ പിടിച്ചുകുലുക്കിയ യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു. ഉയർന്ന ഇന്ധനവിലയും ജീവിതച്ചെലവും വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധിയുമാണ് പ്രതിഷേധത്തിന് പിന്നിൽ.



പാരിസ്, മാർസെയ്, നീസ്, നാന്റ്, ബോർഡോ, ലിൽ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധത്തിനിടെ സംഘർഷങ്ങളുണ്ടായി. ചിലയിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും തെരുവുകളിൽ തീയിടുകയും ചെയ്തു. ലിമോജിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ചരിത്രപ്രസിദ്ധമായ ടൗൺഹാളിന്റെ ജനാലകൾ തകർത്ത് അകത്തുകയറി തീയിട്ടു. തീ പടർന്നതോടെ കെട്ടിടത്തിന്റെ മേൽക്കൂര താഴത്തെ നിലകളിലേക്ക് തകർന്നുവീണു. കെട്ടിടത്തിന്റെ മൂന്നിൽ രണ്ടുഭാഗത്തോളം നശിച്ചതായാണ് റിപ്പോർട്ടുകൾ.


ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ശനിയാഴ്ച രാത്രി പുറത്തുവന്ന കണക്കുപ്രകാരം 1,200 പേരെ അറസ്റ്റ് ചെയ്തു. 150 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.


പൊലീസിന്റെ ബലപ്രയോഗവും വിവാദമായി. സെയ്ന്റ് എറ്റിയെനിൽ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് യുവ പ്രതിഷേധക്കാരന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



വ്യാപാരസ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങളും ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. എന്നാൽ ജീവിതച്ചെലവും പൊതുസേവനങ്ങളുടെ തകർച്ചയും ഉയർത്തിയുള്ള പ്രക്ഷോഭം സർക്കാരിന് മേലുള്ള സമ്മർദം വർധിപ്പിക്കുകയാണ്.


ഇറ്റലിയിലും ബെൽജിയത്തിലും പ്രതിഷേധം


ഫ്രാൻസിനൊപ്പം ഇറ്റലിയിലും വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവുകളിലിറങ്ങി. മിലാനിലും ബൊലോഞ്ഞയിലും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയാണ് ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്. മിലാനിലെ ആഡംബര ഷോപ്പിങ് കേന്ദ്രത്തിൽ അതിക്രമമുണ്ടായി. പൊലീസിന് നേരെ കല്ലെറിഞ്ഞും തെരുവിൽ തീയിട്ടുമാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.


കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സർക്കാർ കൂടുതൽ പണം ചെലവഴിക്കണമെന്നും യുദ്ധങ്ങൾക്കുള്ള ചെലവ് വെട്ടിക്കുറയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുറഞ്ഞ വേതനവും വർധിച്ചുവരുന്ന ജീവിതച്ചെലവും ജനങ്ങളുടെ സാമ്പത്തികഭാരം കൂട്ടുന്നതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.



ബെൽജിയത്തിൽ പ്രതിഷേധത്തിന്റെ കേന്ദ്രം വിദ്യാഭ്യാസമേഖലയായിരുന്നു. പഠനച്ചെലവ് വർധിക്കുന്നതും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതപ്പെടുന്നതും വിദ്യാർഥികളെ തെരുവിലിറക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങൾ പഠനാവസരങ്ങൾ കുറയ്ക്കുമെന്ന ആശങ്കയും പ്രതിഷേധത്തിന് കാരണമായി. ബ്രസൽസിലും ലിയേജിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.



പോർച്ചുഗലിൽ ഭവനപ്രതിസന്ധി


പോർച്ചുഗലിൽ രൂക്ഷമായ ഭവനപ്രതിസന്ധിയാണ് പ്രതിഷേധങ്ങൾക്ക് കാരണം. തലസ്ഥാനമായ ലിസ്ബണിൽ പതിനായിരങ്ങൾ അണിനിരന്നു. തൊഴിലാളി സംഘടനകളും ഭവനാവകാശ കൂട്ടായ്മകളുമാണ് നേതൃത്വം നൽകിയത്.


2017ന് ശേഷം രാജ്യത്ത് വീടുകളുടെ വില ഇരട്ടിയിലധികമായി ഉയർന്നു. പുതിയ വാടകക്കരാറുകളിലെ നിരക്കുകൾ വർധിച്ചെങ്കിലും അതിനനുസരിച്ച് വേതനം ഉയരുന്നില്ല. ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കായി നൽകേണ്ടിവരുന്നതാണ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നത്.


ഭവനവിലയും വാടകയും നിയന്ത്രിക്കണമെന്നും സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ വീടുകൾ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വീടുകൾ നിക്ഷേപത്തിനും ഊഹക്കച്ചവടത്തിനുമുള്ള വസ്തുവായി മാറുമ്പോൾ സ്വന്തം നാട്ടിൽ താമസിക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് ഭവനാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home