വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി

തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. സ്കൂൾ തലത്തിൽനടത്തേണ്ട ജാഗ്രത പ്രവർത്തനങ്ങൾ, ജന ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിരുന്നു. സമൂഹത്തെ ശാക്തീകരിക്കൽ, ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പടുത്തിയിട്ടുള്ളത്. ലഹരി വിരുദ്ധ ബോധവൽക്കരണത്തോടൊപ്പം കുട്ടികളെ ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നതിന് അധ്യാപകരെ ശക്തരാക്കുന്നതിനും പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അമ്മ റിസോഴ്സ് ഗ്രൂപ്പായി രക്ഷകർത്താക്കളുടെ കൂട്ടായ്മ സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്നു. ലഹരി ഉപയോഗം കണ്ടെത്തുക, അറിയിക്കുക, പരിഹാരമാർഗ്ഗങ്ങൾ നിശ്ചിയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. റഫറൽ സംവിധാനങ്ങൾ സംബന്ധിച്ച് പ്രൈമറി, സെക്കൻഡറി തലത്തിലെ എല്ലാ അധ്യാപകർക്കും കൃത്യമായ ധാരണ അവധിക്കാല അധ്യാപക പരിശീലനത്തിൽ നൽകിയിട്ടുണ്ട്. അധ്യാപകർ മുഖേന കുട്ടികളെ ശാക്തീകരിക്കുക എന്നത് ഇതിലൂടെ സാധ്യമാകും.
ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനും വേണ്ടി എക്സൈസ് വകുപ്പുമായി ചേർന്ന്സ്കൂളിൽ പ്രഹരി ക്ലബ് /ചിൽഡ്രൻസ് ക്ലബ്/ ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തിവരുകയും ചെയ്യുന്നു. തെരഞ്ഞടുക്കപ്പെട്ട സ്കൂളുകളിൽ ജാഗ്രത ബ്രിഗേഡ് എന്ന രീതിയിൽ മുപ്പത് മുതൽ അമ്പത് വരെ കുട്ടികളുടെ ഗ്രൂപ്പ് രുപപ്പെടുത്തുകയും അവരിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കലാ, കായിക, ദന്ത സംരംക്ഷണം ഉൾപ്പെടെയുള്ള ആരോഗ്യ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ എന്നിവ നടപ്പിലാക്കി വരുന്നു.
'തെളിവാനം വരക്കുന്നവർ'എന്ന പുസ്തകം എക്സൈസ് വകുപ്പുമായി ചേർന്ന് തയ്യാറാക്കുകയും ആയതിൽ ലഹരിക്കെതിരെ കുട്ടികളുടെ മനോഭാവം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. എക്സൈസ് വകുപ്പ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി കരുതൽ, കവചം എന്നീ പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജൂൺ 26ന് ലഹരി വിരുദ്ധ പാർലമെന്റ്, ശിശു ദിനത്തിൽ പ്രത്യേക അസംബ്ലി, ഒക്ടോബർ 2ന് സംവാദ സദസ്സ്, ജനുവരി 30 ന് ക്ലാസ്സ് സഭ എന്നിവ നടത്തിയിട്ടുണ്ട്.
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ലഭ്യമാക്കിയ നവചേതന മൊഡ്യൂൾ പ്രകാരം അധ്യാപകർക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ തയ്യാറാക്കിയ ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പാഠപുസ്തകങ്ങളിലും(ഉല്ലാസ പറവകൾ) ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.
2024-25അക്കാദമിക വർഷത്തിൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങളിൽ അടിസ്ഥാന ശാത്രം, സാമൂഹ്യ ശാത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളിൽ അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ തലങ്ങളിൽ പ്രസ്തുത വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025-26 അക്കാദമിക വർഷം പരിഷ്ക്കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിൽ പ്രസ്തുത വിഷയം ഉൾപ്പെടുത്തുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ വിഭാഗത്തിലെ ക്ലാസ്സുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങളിലും ലഹരിക്കും മരുന്നിനും എതിരായിട്ടുള്ള പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തിര ആവശ്യവുമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരമായി കണക്കിലെടുത്ത് വിദ്യാഭ്യസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
0 comments