ad
Deshabhimani

ആമയിഴഞ്ചാൻ തോട്ടിൽ ഇനി റോബോട്ട് ഇറങ്ങും; മനുഷ്യപ്രയത്നമില്ലാത്ത ശുചീകരണത്തിനായി 'ജി-സ്‌പൈഡർ'

G Spider.jpg
വെബ് ഡെസ്ക്

Published on Jan 29, 2026, 07:16 AM | 1 min read

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നൂതന സാങ്കേതികവിദ്യയുമായി സംസ്ഥാന സർക്കാർ. എ.ഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 'ജി-സ്‌പൈഡർ' കനാൽ ക്ലീനിംഗ് റോബോട്ട് തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.


തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭയും ടെക്നോപാർക്ക് ആസ്ഥാനമായുള്ള ജെൻറോബോട്ടിക്‌സും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.


കനാൽ ശുചീകരണത്തിനിടെ തൊഴിലാളിയായ ജോയ് മരണപ്പെട്ട പശ്ചാത്തലത്തിലാണ്, അപകടസാധ്യതയുള്ള മേഖലകളിൽ മനുഷ്യ ഇടപെടൽ പൂർണ്ണമായും ഒഴിവാക്കണമെന്ന കർശന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.


ഇതിനായി ജെൻറോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോട്ടിക് സംവിധാനമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള ദുർഘടമായ ടണലുകൾക്കുള്ളിൽ പോലും അനായാസം കടന്നുചെന്ന് മാലിന്യം നീക്കം ചെയ്യാൻ ജി-സ്‌പൈഡറിന് സാധിക്കും.


ജെൻറോബോട്ടിക്‌സ് സൗജന്യമായാണ് ഈ റോബോട്ടിക് സംവിധാനം നഗരസഭയ്ക്ക് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രവർത്തനവും പരിപാലനവും നഗരസഭ നേരിട്ട് നിർവ്വഹിക്കും. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.


പരീക്ഷണാടിസ്ഥാനത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ നടപ്പിലാക്കുന്ന ഈ സംവിധാനം വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് പ്രധാന കനാലുകളിലേക്കും വ്യാപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കും. മേയർ വിവി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home