print edition അംബേദ്‌കർ ഗ്രാമത്തിൽ ‘പവർ ഹൗസ് ’

നടവരമ്പ് അംബേദ്കർ ഗ്രാമത്തിലെ മനപറമ്പിൽ മണിക്കുട്ടന്റെ വീടിനുമുകളിൽ സ്ഥാപിച്ച സോളാർ പാനൽ
സി എ പ്രേമചന്ദ്രൻ
Published on Mar 20, 2026, 12:01 AM | 1 min read
തൃശൂർ: നടവരമ്പ് അംബേദ്കർ ഗ്രാമത്തിലെ വീടുകൾ ഇപ്പോൾ ‘പവർ ഹൗസുകൾ’ കൂടിയാണ്. വീടിന് മുകളിൽ സർക്കാർ സൗജന്യമായി സ്ഥാപിച്ച സൗരോർജ പാനലുകളുണ്ട്. മൂന്നു കിലോവാട്ട് വീതം ശേഷിയുള്ള പ്ലാന്റ് അനർട്ടാണ് സ്ഥാപിച്ചത്. വീടുകളിലേക്ക് സൗജന്യമായി ഇന്റക്ഷൻ കുക്കറും നൽകി. അതുവഴി വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉൽപാദനം നടക്കുന്നു. വീട്ടിലെ വൈദ്യതി ചാർജ് ഒഴിവാകുന്നതിനൊപ്പം അധിക വൈദ്യുതി കെഎസ്‌ഇബിക്ക് നൽകുന്നതിനാൽ വർഷത്തിലൊരിക്കൽ വരുമാനവും ലഭിക്കുന്നു. സംസ്ഥാന പട്ടികജാതി വകുപ്പ് തെരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിൽ നടപ്പാക്കിയ ഹരിത വരുമാന പദ്ധതി അംബേദ്‌കർ ഗ്രാമ നിവാസികളുടെ ജീവിതത്തിൽ വെളിച്ചം പരത്തുകയാണ്.
തൃശൂർ ജില്ലയിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിനെ ഹരിത വരുമാന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ബ്ലോക്കിലെ നടവരന്പ് അംബേദ്‌കർ ഗ്രാമത്തിലെ അന്പതോളം വീടുകളിൽ പദ്ധതി നടപ്പാക്കി. വീടിന് മുകളിൽ സർക്കാർ സൗജന്യമായി സോളാർ പാനലുകൾ സ്ഥാപിച്ചത്, തങ്ങളേപ്പോലുള്ള പാവങ്ങൾക്ക് വലിയ സഹായമായെന്ന് അംബേദ്‌കർ ഗ്രാമത്തിലെ മനപറന്പിൽ മണിക്കുട്ടൻ പറഞ്ഞു. മുന്പ് 1200 രൂപ വരെ വൈദ്യുതി ചാർജ് വന്നിരുന്നു. ഇപ്പോൾ മാസം 150ൽ താഴെയാണ് അടക്കേണ്ടിവന്നത്. അധിക വൈദ്യുതി കെഎസ്‌ഇബിക്ക് നൽകിയതിനാൽ 2000 മുതൽ 5000 രൂപ വരെ രണ്ട് വർഷം ലഭിച്ചു.
വീട് നിർമാണത്തിനും രണ്ടു തവണ സർക്കാരിൽ നിന്ന് സഹായം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതോടെ ഒരു വർഷം കുറഞ്ഞത് 15000 രൂപയുടെ വൈദ്യുതി ചെലവ് ഒഴിവായതായി അംബേദ്‌കർ ഗ്രാമത്തിലെ തേറാട്ടിൽ രതിക പറഞ്ഞു. വർഷത്തിൽ ഒരിക്കൽ കൂടുതൽ വരുമാനവും ലഭിക്കുന്നു. ഇന്റക്ഷൻ കുക്കറും സൗജന്യമായി കിട്ടിയതോടെ പാചകത്തിനും സഹായകമായെന്ന് രതിക പറഞ്ഞു.










0 comments