ലോക ആനദിനം
സ്ഫോടക വസ്തു മുതൽ ട്രെയിൻ തട്ടി മരണം വരെ... കേരളത്തിൽ 10 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 113 കാട്ടാനകൾ

2024 ജൂലൈ 20 ന് നിലമ്പൂര്‍ വനമേഖലയില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന (ഫയല്‍ ചിത്രം)
എം സനോജ്
Published on Aug 12, 2026, 01:00 AM | 2 min read
നിലമ്പൂര്‍ : കാടിന്റെ നിശ്ശബ്ദതയിൽ ജീവിക്കേണ്ട കാട്ടാനകൾക്ക് മനുഷ്യ ഇടപെടലുകൾ തന്നെ മരണവലയമാകുന്നു. 2015 ജൂൺ 6 മുതല്‍ 2026 മേയ് 30 വരെ 11 വർഷത്തിനിടെ സംസ്ഥാനത്ത് 113 കാട്ടാനകൾ അസ്വാഭാവിക കാരണങ്ങളാൽ ചെരിഞ്ഞതായി വനംവകുപ്പിന്റെ കണക്ക്. വന്യജീവി കുറ്റകൃത്യങ്ങളും വനമേഖലയിലെ നിയമലംഘനങ്ങളും നിരീക്ഷക്കാനും കൈകാര്യം ചെയ്യുന്നതിനുമായി വനംവകുപ്പുമായി നടപ്പാക്കിയ ഡിജിറ്റല്‍ ഹോക്ക് ( ഹോസ്റ്റൈല്‍ ആക്റ്റിവിറ്റി വാച്ച് കര്‍ണല്‍ ) സോഫ്റ്റ് വെയറിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 59 കാട്ടാനകൾ വൈദ്യുതി ആഘാതത്തിലാണ് ചെരിഞ്ഞത്.
വൈദ്യുതി ആഘാതത്തിന് പുറമെ അസ്വാഭാവിക കാരണങ്ങളാൽ 21 കാട്ടാനകളും, വാഹനമിടിച്ച് 12 എണ്ണവും, വേട്ടയാടലിനെ തുടർന്ന് 10 എണ്ണവും, സ്ഫോടകവസ്തുക്കൾ മൂലം ഒമ്പത് എണ്ണവും, വിഷബാധയേറ്റ് രണ്ടെണ്ണവും ചെരിഞ്ഞതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ വനം ഡിവിഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 16 കാട്ടാനകളാണ് അസ്വാഭാവിക മരണങ്ങളാല്‍ മൂന്നാര്‍ ഡിവിഷന് കീഴില്‍ ചെരിഞ്ഞത്. പാലക്കാട് ഡിവിഷനില്‍ 12 ഉം, മലയാറ്റൂര്‍ ഡിവിഷനില്‍ 10 ഉം, വയനാട് വന്യജീവി സങ്കേതം, കണ്ണൂര്‍, വയനാട് സൗത്ത്, മണ്ണാര്‍ക്കാട്, കോന്നി, റാന്നി, പുനലൂര്‍, നിലന്പൂര്‍ സൗത്ത്, കോഴിക്കോട്, പെരിയാര്‍ (വെസ്റ്റ്), നിലമ്പൂര്‍ നോര്‍ത്ത്, വയനാട് നോര്‍ത്ത്, തിരുവനന്തപുരം, കോട്ടയം, സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്, വാഴച്ചാല്‍, നെന്‍മാറ, ചാലക്കുടി, പറന്പിക്കുളം ടൈഗര്‍ റിസര്‍വ്, തൃശൂര്‍, പെരിയാര്‍ (ഈസ്റ്റ്), പീച്ചി വന്യജീവി സങ്കേതം, മറയൂര്‍ ഡിവിഷനുകളിലായി 75 കാട്ടാനകളും അസ്വാഭാവിക കാരണങ്ങളാല്‍ ചരിഞ്ഞിട്ടുണ്ട്. 2024, 2023, 2022 വര്‍ഷങ്ങളിലാണ് അസ്വാഭാവിക കാരണത്താല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്. 2024 ല്‍ 18 ഉം, 2023 ല്‍ 16 ഉം, 2022 ല്‍ 14 ഉം കാട്ടാനകള്‍ ചരിഞ്ഞു. ഒരു ദശാബ്ദത്തിലേറെ കാലത്തെ കണക്കിൽ കാട്ടാനകളുടെ ജീവന് ഭീഷണിയാകുന്ന കാരണങ്ങളിൽ മനുഷ്യ ഇടപെടലുകൾക്ക് വലിയ പങ്കുണ്ടെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 11 വർഷത്തിനിടെ രേഖപ്പെടുത്തിയ 113 കാട്ടാന മരണങ്ങളില്‍ വലിയൊരു പങ്കും മനുഷ്യ ഇടപെടലുകളുമായി ബന്ധപ്പെട്ട കാരണങ്ങളിലാണ്. വൈദ്യുതി ആഘാതം, വാഹനമിടി, വേട്ട, സ്ഫോടകവസ്തു, വിഷബാധ തുടങ്ങിയ കാരണങ്ങൾ സ്വാഭാവികമായുണ്ടാകുന്ന പ്രതിഭാസങ്ങളല്ലെന്നത് കണക്കുകളുടെ ഗൗരവം വർധിപ്പിക്കുന്നു. കാട്ടാനകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം അവയുടെ സഞ്ചാരപാതകളിലും വനാതിർത്തികളിലും മനുഷ്യനിർമിത അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകൾ മുന്നോട്ടുവയ്ക്കുന്നത്.
വര്‍ഷം | ചരിഞ്ഞ കാട്ടാനകളുടെ എണ്ണം |
2015 ജൂണ്‍ 6 മുതല്‍ | 3 |
2016 | 5 |
2017 | 3 |
2018 | 6 |
2019 | 12 |
2020 | 10 |
2021 | 8 |
2022 | 14 |
2023 | 16 |
2024 | 18 |
2025 | 12 |
2026 മെയ് 30 വരെ | 6 |









0 comments