ഇരുട്ടിലായി അട്ടപ്പാടിയിലെ നാല് ഊരുകൾ; വൈദ്യുതി മുടങ്ങിയിട്ട് 20 ദിവസം

അട്ടപ്പാടി : കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ് അട്ടപ്പാടിയിലെ ഊരുകൾ. കടുത്ത ചൂടിനിടെ ഒരു മണിക്കൂറിലധികമുള്ള പവർകട്ട് സഹിക്കാൻ കഴിയാതെ കേരളം വിഷമിക്കു്പോള്‍, അട്ടപ്പാടിയിലെ നാല് ഊരുകളിലെ കുടുംബങ്ങൾ 20 ദിവസമായി വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ് .
ആനവായ്, കടുകുമണ്ണ, കിണറ്റുകര, മുരുഗള എന്നീ ഊരുകളിലാണ് വൈദ്യുതി ലഭിക്കാത്തത്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. വൈദ്യുതി കൂടി മുടങ്ങിയതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഏകദേശം രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയെ തുടർന്നാണ് വൈദ്യുതി വിതരണം നിലച്ചത്. എന്നാല്‍ അത് പരിഹരിക്കാനോ വൈദ്യുതി പുനസ്ഥാപിക്കാനോ കെഎസ്ഇബി തയ്യാറായിട്ടില്ല. ഊരിലെ ജനങ്ങളെ പാടെ അവഗണിച്ച് ഇരുട്ടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.
സൗരോർജ തെരുവ് വിളക്കുകൾ മാത്രമാണ് നിലവിലുള്ള ആശ്വാസം. മൊബൈൽ ഫോണുകളിൽ ചാർജില്ല. പുറംലോകവുമായി ബന്ധപ്പെടാൻ ഒരു വഴിയുമില്ലാതെ വലയുകയാണ് പ്രദേശവാസികൾ. രാത്രിയിൽ ഭക്ഷണമുണ്ടാക്കാനും കുട്ടികൾക്ക് പഠിക്കാനും മണ്ണെണ്ണ വിളക്കുകളെയാണ് ആശ്രയിക്കുന്നത്. നാല് ഊരുകളിലായി 500 ലധികം പേരാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നത്.








0 comments