Deshabhimani

ജനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി; മന്ത്രിമാർക്ക് ആഡംബരവാഴ്ച

luxury for ministers
വെബ് ഡെസ്ക്

Published on Nov 18, 2026, 10:44 PM | 4 min read

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ ഭരണച്ചെലവ് കുറയ്ക്കുമെന്നും അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ ആറുമാസം പിന്നിടുമ്പോൾ സ്വന്തം കാര്യങ്ങൾക്കും ആഡംബരത്തിനുമായി മാത്രം ചെലവാക്കിയത് കോടികൾ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്ന സർക്കാർ ആറ് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഖജനാവിലെ കോടികൾ പൊടിച്ചു.


ആഡംബര കാറുകൾ, വീട് മോടി പിടിപ്പിക്കൽ, മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കൽ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം തുടങ്ങി കോടികളാണ് ധൂർത്തിനായി പൊടിക്കുന്നത്. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 9.60 കോടി രൂപ അനുവദിച്ചതിന് പിന്നാലെ ഔദ്യോഗിക വസതികളുടെ നവീകരണത്തിന് 5.63 കോടി രൂപയുടെ ഭരണാനുമതി നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യൻ മാറ്റാൻ നാലുലക്ഷം രൂപയും കർട്ടനുകൾക്കായി 1.55 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.


ദിവസങ്ങളായി സമരം ചെയ്യുന്ന പിഎസ്‍സി ഉദ്യോ​ഗാർഥികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ അം​ഗീകരിക്കാത്തതിന് സർക്കാർ കാരണമായി പറയുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാൽ ഉദ്യോ​ഗാർഥികൾ നിരാഹാരം കിടന്ന്, ജീവൻ പണയം വച്ച് സമരം തുടരുന്നതിനിടെയാണ് കാർ വാങ്ങാനും വീട് പുതുക്കാനുമായി കോടികൾ വാരി വിതറുന്നത്.


കാറുകൾ പഴയതായെന്ന്


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തെത്തുന്ന അതിഥികൾ‍ക്കുമായി 24 പുതിയ കാറുകളാണ് വാങ്ങുന്നത്. ഇന്നോവയുടെ ഏറ്റവും കൂടിയ മോഡലുകളാണ് വാങ്ങാൻ തീരുമാനമായത്. ഒരു വാഹനത്തിന് ശരാശരി 40 ലക്ഷം രൂപ വീതമാണ് കണക്കാക്കുന്നത്. ഇതിൽ 22 വാഹനങ്ങൾ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി ഉപയോഗിക്കുമ്പോൾ രണ്ടെണ്ണം സംസ്ഥാനത്തെത്തുന്ന വിശിഷ്ടാതിഥികളുടെയും വിദേശ പ്രതിനിധികളുടെയും ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും. ഇന്നോവ ഹൈക്രോസിന്റെ ഉയർന്ന മോഡലായ സെഡ് എക്സ് (ഒ) സ്ട്രോങ് ഹൈബ്രിഡ് വാഹനങ്ങളാണ് വാങ്ങാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. നിലവിലുള്ള വാഹനങ്ങളുടെ കാലപ്പഴക്കവും തുടർച്ചയായ തകരാറുകളും അറ്റകുറ്റപ്പണികളുടെ ഉയർന്ന ചെലവുമാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള കാരണമായി സർക്കാർ വിശദീകരിക്കുന്നത്.


എന്നാൽ അധികാരമേറ്റപ്പോൾ പുതിയ കാറുകൾ വാങ്ങേണ്ടതില്ലെന്നും മുൻ മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾതന്നെ തുടരുമെന്നുമായിരുന്നു യുഡിഎഫ് നേതൃത്വം പറഞ്ഞിരുന്നത്. ചെലവുചുരുക്കൽ പദ്ധതിയുടെ ഭാ​ഗമാണെന്നുപറഞ്ഞ് അന്ന് ജനങ്ങളെ കബളിപ്പിച്ച സർക്കാർ ആറുമാസത്തിനുള്ളിൽ 9.60 കോടി രൂപയുടെ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു.


കോടികളുടെ മോടി


ഔദ്യോഗിക വസതികളുടെ നവീകരണത്തിനായി അനുവദിച്ച കോടികളുടെ വിവരങ്ങളാണ് പിന്നാലെ പുറത്തുവന്നത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി പ്രകാരം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി അഞ്ച് കോടി 63 ലക്ഷം രൂപ (5,63,95,000)യുടെ ഭരണാനുമതിയാണ് യുഡിഎഫ് സർക്കാർ നൽകിയത്. ഇതിൽ അഞ്ച് കോടി രൂപയുടെ (5,06,71,000) പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും ലഭിച്ചു. ഇതുവരെ 2.10 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കി ബില്ലുകൾ നൽകിയെന്നാണ് റിപ്പോർട്ട്.


ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതിനായി 1.24 കോടിയും ഒൻപത് മന്ദിരങ്ങൾക്കായി 3.95 കോടിയുമാണ് അനുവദിച്ചത്. 2026 മെയ് മാസത്തിലാണ് സംസ്ഥാനത്തെ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.95 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നൽകിയത്. നെസ്റ്റ് ബംഗ്ലാവിനായി 40.67 ലക്ഷം, ഉഷസ് ബംഗ്ലാവിന് 40.03 ലക്ഷം, പെരിയാർ ബംഗ്ലാവിന് 31.26 ലക്ഷം, പൗർണമി ബംഗ്ലാവിന് 40.81 ലക്ഷം, പമ്പ ബംഗ്ലാവിന് 31.43 ലക്ഷം, കവടിയാർ ഹൗസിന് 40.06 ലക്ഷം, മൻമോഹൻ ബംഗ്ലാവിനായി 81.06 ലക്ഷം, ഗംഗാ ബംഗ്ലാവിന് 31.53 ലക്ഷം, അജന്ത ബംഗ്ലാവിന് 58. 74 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇത് മോടിപിടിപ്പിക്കലല്ല മറിച്ച് പുതിയ മന്ത്രിമാർ താമസം മാറുന്നതിന് മുന്നോടിയായുള്ള വാർഷിക അറ്റകുറ്റപ്പണികൾ മാത്രമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.


കുഷ്യന് ലക്ഷം വേണം


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യനുകൾ മാറ്റാൻ നാലുലക്ഷം രൂപയാണ് ചെലവഴിച്ചത്. കർട്ടനുകൾ മാറ്റാൻ 1.55 ലക്ഷം രൂപയും ചെലവഴിച്ചു. എയർ കണ്ടീഷണറുകൾ സ്ഥാപിക്കുന്നതിനും മാറ്റുന്നതിനുമായി 4,36,400 രൂപയും ചോർച്ച തടയുന്നതുമായി ബന്ധപ്പെട്ട വൈദ്യുതീകരണ പ്രവൃത്തികൾക്കായി 3.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നേരത്തേ ക്ലിഫ് ഹൗസിന്റെ നവീകരണത്തിനായി 1.24 കോടി രൂപ അനുവദിച്ചതിനു പുറമെയാണ് ഇവ.


മന്ത്രിമന്ദിരങ്ങളിലെ എയർ കണ്ടീഷണറുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കുമാത്രം 37,35,400 രൂപ വകയിരുത്തി. മന്ത്രി മോൻസ് ജോസഫിന്റെ ഔദ്യോഗിക വസതിയിൽ 6.10 ലക്ഷം രൂപയും വി ഇ അബ്ദുൾഗഫൂറിന്റെ കവടിയാർ ഹൗസിൽ 4.24 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ വസതിയിൽ 4.01 ലക്ഷം രൂപയുമാണ് എസി സംബന്ധമായ പ്രവൃത്തികൾക്കായി അനുവദിച്ചത്. എം ലിജുവിന്റെ അജന്തയിൽ 3.70 ലക്ഷം രൂപയും അനൂപ് ജേക്കബിന്റെ മൻമോഹൻ ബംഗ്ലാവിൽ 3.69 ലക്ഷം രൂപയും പി സി വിഷ്ണുനാഥിന്റെ വസതിയിൽ 3.37 ലക്ഷം രൂപയും വകയിരുത്തി. രമേശ് ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിൽ അധിക ലൈറ്റിങ് സൗകര്യങ്ങൾ ഒരുക്കാൻ മാത്രം 7.39 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുമുണ്ട്.

എണ്ണം പെരുകി സ്റ്റാഫുകൾ


വാഹനങ്ങൾക്കും വസതികളുടെ നവീകരണത്തിനും അനുവദിച്ച തുക കൂട്ടുമ്പോൾ 15.23 കോടി രൂപയിലധികമാണ് വരുന്നത്. ഇതിനെല്ലാം പുറമെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം റെക്കോർഡിട്ടാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചത്. ഏകദേശം 500 പേരെയാണ് മന്ത്രിമാരുടെ സ്റ്റാഫായി നിയമിച്ചത്. 31 സ്റ്റാഫ് ഉള്ള മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. കാര്യമായ ഔദ്യോഗിക ചുമതലകൾ ഒന്നുമില്ലാത്ത ചീഫ് വിപ്പിനുമുണ്ട് 16 സ്റ്റാഫ് അംഗങ്ങൾ. മാത്രമല്ല, എംഎൽഎമാർക്ക് അധികം സ്റ്റാഫിനെ നിയമിക്കാമെന്ന ഉത്തരവുമിറക്കി. ഇതിനു പുറമേ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും ഉപയോഗത്തിനായി ഏകദേശം ഏഴുകോടി രൂപ ചെലവിൽ 480 ഐപാഡുകൾ വാങ്ങിയതും വിവാദമായിരുന്നു.


കണക്കില്ലാതെ വിദേശയാത്ര


മുകളിൽ പറഞ്ഞ ആഡംബരങ്ങൾക്കെല്ലാം കണക്കുണ്ടെങ്കിലും മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച ചെലവുകൾ അജ്ഞാതമാണ്. കൂട്ടത്തോടെയാണ് മന്ത്രിമാർ വിദേശത്തേക്ക് പറക്കുന്നത്. ഒ ജെ ജനീഷ്‌ (ഒമാൻ, ഖത്തർ), മോൻസ്‌ ജോസഫ്‌ (യുഎസ്‌എ), ടി സീദ്ദീഖ്‌ (സ‍ൗദി അറേബ്യ), ബിന്ദു കൃഷ്‌ണ (ബഹ്റൈൻ), രമേശ്‌ ചെന്നിത്തല (യുഎഇ, യുഎസ്‌എ), കെ എം ഷാജി( ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്‌, യുഎഇ), പി സി വിഷ്‌ണുനാഥ്‌ (ബഹ്‌റൈൻ, യുഎഇ), വി ഇ അബ്ദുൾ ഗഫ‍ൂർ (യുഎഇ), ഷിബു ബേബി ജോൺ (യുഎഇ), സണ്ണി ജോസഫ് (യുഎഇ), റോജി എം ജോൺ (ഇറ്റലി, സ്പെയിൻ), ചീഫ്‌ വിപ്പ്‌ അപു ജോസഫ്‌ (ഇറ്റലി) സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരാണ് ഇതുവരെ വിദേശയാത്ര നടത്തിയത്. ഇതിൽ ബിന്ദു കൃഷ്ണയും പി സി വിഷ്ണുനാഥും കെ എം ഷാജിയുമെല്ലാം ഒന്നിവധികം തവണ വിദേശയാത്ര നടത്തി. സ്പോൺസർഷിപ്പിൽ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നതിനു പിന്നാലെയാണിത്.


സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി വിവിധ മേഖലകളിൽ ചെലവ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ ആഡംബരത്തിനായി കോടികൾ വകയിരുത്തുന്നത്. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം, ഉദ്യോഗാർഥികളുടെ സമരം, കരാറുകാരുടെ കുടിശ്ശിക തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമ്പോൾ ഭരണാധികാരികളുടെ സൗകര്യങ്ങൾക്കായി വലിയ തുക മാറ്റിവയ്ക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും ആവശ്യമായ പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുന്ന സർക്കാരാണ് ധൂർത്തിനായി പണമൊഴുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home