പെരിയാർ കടുവ സങ്കേതത്തിന്റെ വളർത്തുമകൾ; 'മംഗള' ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ

പുത്തൂർ : ഇടുക്കി പെരിയാർ കടുവ സങ്കേതത്തിലെ മംഗള ഇനി തൃശൂർ പുത്തൂർ സുവോളജി പാർക്കിൽ. രണ്ടുമാസം പ്രായമുള്ളപ്പോൾ അമ്മ കടുവ ഉപേക്ഷിച്ചുപോയ നിലയിൽ മംഗളയെ വനപാലകർക്ക് കിട്ടിയിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴാണ് മംഗളയെ പുത്തൂരേക്ക് മാറ്റുന്നത്. തിമിരം ബാധിച്ച് കാഴ്ച പ്രശ്നത്തിലായ അവസ്ഥയിൽ ലഭിച്ച മംഗളയ്ക്ക് വിദേശത്തുനിന്ന് മരുന്നെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നു. എന്നാൽ കാട്ടിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവസ്ഥ ഒരുക്കുന്ന തരത്തിൽ കണ്ണിന്റെ കാഴ്ച പൂർണമായി ലഭിച്ചിട്ടില്ലാത്തതിനാലും സ്വതസിദ്ധമായി ഇരപിടിക്കാനുള്ളശേഷി ആർജിക്കാത്തതിനാലുമാണ് മംഗളയെ പുത്തൂരേക്ക് മാറ്റുന്നത്. സ്വാഭാവികമായി ഇരപിടിക്കാനുള്ള ശേഷിയുണ്ടായതിനു ശേഷം മംഗളയെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ ഇതിന് സാധ്യമല്ലെന്ന് കണ്ടെത്തിയതോടെ പുത്തൂരേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ പെരിയാർ സങ്കേതത്തിലുള്ള കടുവയെ 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 11(1)(എ) യിലെ വ്യവസ്ഥകൾക്കനുസൃതമായും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും MoEF&CCയും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് പിടികൂടി വൈദ്യ പരിചരണത്തിനായി തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ചീഫ് വൈൽഡ്‌ലൈഫ് വാർഡനായ ഡോ. പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവിട്ടത്.
പെരിയാർ കടുവാസങ്കേതത്തിലെ പുരാതന മംഗളാദേവി ക്ഷേത്രത്തിനു സമീപത്തുനിന്ന് 2020 നവംബർ 21 നാണ് രണ്ടുമാസം പ്രായമുള്ള പെൺകടുവാകുഞ്ഞിനെ വനംവകുപ്പ് വാച്ചർമാർക്ക് ലഭിച്ചത്. മംഗളാദേവി ക്ഷേത്രത്തിനു സമീപത്തുനിന്നും കിട്ടിയതിനാൽ മംഗളയെന്ന വിളിപ്പേരിൽ വനം വകുപ്പിന്റെ സംരക്ഷണയിലായിരുന്നു കടുവ. പതിനഞ്ചുമാസം പ്രായമാകുന്നതുവരെ വനംവകുപ്പിന്റെ സംരക്ഷണയിൽ വളർത്തിയ ശേഷം കാട്ടിലേക്ക് വിടാനായി തീരുമാനിച്ചതിനിടെയാണ് മംഗളയ്ക്ക് തിമിരമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ചികിത്സകൾ ആരംഭിച്ചു. പെരിയാർ കടുവാ സങ്കേതത്തിന്റെ വളർത്തുമകളെന്ന് അറിയപ്പെട്ട മംഗളയ്ക്ക് വിദേശത്തുനിന്നും മരുന്നെത്തിച്ചാണ് വിദഗ്ധ ചികിത്സ നൽകിയത്.
അഞ്ചുവയസ്സ് പിന്നിടുമ്പോഴും ഇരപിടിക്കാനറിയാത്തതിനാൽ മംഗളയ്ക്ക് വനംവകുപ്പിന്റെ കൂട് തന്നെയാണ് ആശ്രയം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് കൊക്കരയിലെ ഫോറസ്റ്റ് ഓഫീസിലാണ് സംരക്ഷണം. പ്രത്യേകം രൂപപ്പെടുത്തിയ കൂടിനുള്ളിൽ വിശാലമായ ഏരിയയിൽ കമ്പിവേലി കെട്ടിത്തിരിച്ച് ആവാസവ്യവസ്ഥ ഒരുക്കി. ദിവസവും അഞ്ചു കിലോയോളം ഇറച്ചിയാണ് ഭക്ഷണം. സംരക്ഷിക്കാൻ രണ്ടുവാച്ചർമാരുണ്ട്. സ്വതസിദ്ധമായി ഇരപിടിക്കാനുള്ളശേഷി ആർജിക്കാത്ത കടുവയ്ക്ക് പരിശീലനം നൽകാൻ നടത്തിയ ശ്രമം പരാജയമായിരുന്നു. പരിശീലനം നൽകിയശേഷം കടുവയെ ലോക കടുവാദിനത്തിൽ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു പദ്ധതി.
മംഗളാദേവിയിൽനിന്നും ലഭിക്കുമ്പോൾ രണ്ടരകിലോമാത്രം ഭാരമുള്ള കടുവക്കുഞ്ഞിന് എഴുന്നേറ്റുനിൽക്കാനാവാതെ അവശതയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിക്കുമ്പോൾ തിമിരം ബാധിച്ച് കാഴ്ചശക്തി 90 ശതമാനവും നഷ്ടപ്പെട്ടിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം നിർദേശിച്ചതനുസരിച്ച് അമേരിക്കയിൽനിന്ന് ലാനോസ്റ്റെറോൾ എന്ന മരുന്ന് എത്തിച്ചു. മരുന്നിന്റെ ഉപയോഗശേഷം സ്വാഭാവികമായി തന്നെ മംഗള കാഴ്‌ച ശക്‌തി വീണ്ടെടുത്തു. ചികിത്സക്കും പരിചരണത്തിനും ശേഷം മംഗളയെ കാട്ടിനുള്ളിലേക്ക് തുറന്നിടുന്നതിന്റെ ഭാഗമായി മനുഷ്യസാമീപ്യം കുറച്ചുനിർത്താൻ വലിയ ജാഗ്രത വനംവകുപ്പ് കാട്ടിയിരുന്നു. ഇതിനാൽ ചികിത്സിക്കുന്ന ഡോക്ടർമാരെയും സംരക്ഷണച്ചുമതലയുള്ള ഒന്ന് രണ്ടു വാച്ചറന്മാരെയും മാത്രമാണ് കൂടിനടുത്ത് എത്താൻ അനുവദിച്ചിരുന്നത്. ഇര പിടിക്കാനുള്ളശേഷിയും മറ്റ് മൃഗങ്ങളെ തിരിച്ചറിയാനുള്ള കഴിവും ലഭിക്കാത്തതിനാലാണ് മംഗളയെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.










0 comments