കെഎൽ 07 ഡിജി 0001 നമ്പറിന് പിറവം സ്വദേശി മുടക്കിയത് 25 ലക്ഷം
റെക്കോഡിട്ട് ഫാൻസി നമ്പർ ലേലം ; കെഎൽ 07 ഡിജി 0007 ചെലവ് 46 ലക്ഷം

തൃക്കാക്കര : സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുകയ്‌ക്ക് വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കി ഇൻഫോപാർക്കിലെ സോഫ്‌റ്റ്‌വെയർ കമ്പനി. 46.24 ലക്ഷം രൂപയ്ക്ക് കെഎൽ 07 ഡിജി 0007 എന്ന നമ്പറാണ് ലിറ്റ്മസ് 7 സിസ്‌റ്റം കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. കമ്പനി ഉടമയുടെ പേരിലുള്ള ലംബോർഗിനി ഉറുസ് എസ്‌യുവി കാറിനുവേണ്ടിയാണ് വാശിയേറിയ ലേലത്തിൽ നമ്പർ സ്വന്തമാക്കിയത്. നാലുകോടി രൂപയ്‌ക്കുമുകളിലാണ് കാറിന്റെ വില. 31 ലക്ഷം രൂപയ്ക്ക് കെഎൽ 01 സികെ 0001 എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഇതേ നമ്പറിനായി 25,000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്ത മറ്റ് അഞ്ചുപേരും വിടാതെ പിന്നാലെയുണ്ടായിരുന്നു. 44.84 ലക്ഷം രൂപവരെ ലേലത്തിൽ രണ്ടാമൻ വിളിച്ചു.
പോർഷേ എ 911 മോഡൽ ആഡംബര വാഹനത്തിനായി രണ്ടുവർഷംമുമ്പ് 4.87 ലക്ഷം രൂപ മുടക്കി കെഎൽ 7 ഡിഡി 911 നമ്പർ ലിറ്റ്മസ് 7 സിസ്‌റ്റം കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.
കെഎൽ 07 ഡിജി 0001 എന്ന ഫാൻസി നമ്പറും ഉയർന്ന തുകയ്‌ക്കാണ് തിങ്കളാഴ്‌ചത്തെ ലേലത്തിൽ പോയത്. പങ്കെടുത്ത നാലുപേരെ പിന്നിലാക്കി പിറവം സ്വദേശി തോംസൺ ബാബു 25 ലക്ഷം രൂപ മുടക്കി നമ്പർ സ്വന്തമാക്കി. തിങ്കൾ രാവിലെ എറണാകുളം ആർടി ഓഫീസിൽ നടന്ന ഓൺലൈൻ ഫാൻസി നമ്പർ ലേലത്തിന് ജോയിന്റ് ആർടിഒ സി ഡി അരുൺ നേതൃത്വം നൽകി.









0 comments