കേന്ദ്ര സർക്കാർ രേഖയായി മനോരമയും മാതൃഭൂമിയും പ്രചരിപ്പിച്ചത് ബിജെപി ദേശീയ സെക്രട്ടറിയുടെ വാർത്താകുറിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആശാ വർക്കർമാരുടെ സംഘടനകളിലൊന്നായ എഐയുടിയുസി (എസ്‍യുസിഐ യുടെ തൊഴിലാളി സംഘടന) നടത്തുന്ന അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റേതെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ കുറിപ്പ്. ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിപ്പിന്റെ പൂർണ്ണരൂപവുമുണ്ട്.
"ആശാ വർക്കർമാർക്കും ശമ്പളം നൽകാത്തത് സംസ്‌ഥാന സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവ്. ആരോഗ്യമന്ത്രാലയം കേരളത്തിന് നൽകിയത് 938.8 കോടി. കേന്ദ്ര സർക്കാർ" എന്നാണ് പിഐബി റിലീസ് എന്ന പേരിൽ മാതൃഭൂമി വാർത്ത നൽകിയത്. "ബജറ്റിൽ അനുവദിച്ചതിലും കൂടുതൽ തുക നൽകി, ഭരണപരാജയം മറച്ചുവയ്ക്കാൻ പഴിചാരുന്നു; സംസ്ഥാനത്തിനെതിരെ കേന്ദ്രം" എന്ന തലക്കെട്ടിൽ മനോരമയും വാർത്ത നൽകി.
വാർത്താക്കുറിപ്പിൽ കേരള സർക്കാർ എന്ന് ഉപയോഗിക്കുന്നതിന് പകരം 'സിപിഐഎം- നയിക്കുന്ന സംസ്ഥാന സർക്കാർ', 'പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ' എന്നിങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന പത്രക്കുറിപ്പിൽ ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ അഭിസംബോധന ചെയ്യില്ല. കേന്ദ്ര സർക്കാരിനെ 'മോദി സർക്കാർ' എന്നും അഭിസംബോധന ചെയ്തു. ഈ കുറിപ്പാണ് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക രേഖയാക്കി മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
Related News
വ്യാജ വാർത്തകുറിപ്പിനെതിരെ മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സോഷ്യൽ മീഡിയാ സെല്ലിൽ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു സംശയവുമില്ലാതെ റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി ആശ്ചര്യം പ്രകടപ്പിച്ചു. ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാൻ മാധ്യമ പ്രവർത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകുമെന്നും മന്ത്രി ഓർപ്പെടുത്തി.









0 comments