വ്യാജ ഐഡി കാർഡ് കേസ് ; മാങ്കൂട്ടത്തിലിന്റെ 4 വിശ്വസ്‌തർ പ്രതികൾ

തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐഡി കാർഡുകളുണ്ടാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാലു സുഹൃത്തുക്കളെ കൂടി ക്രൈംബ്രാഞ്ച് പ്രതിചേർത്തു. രാഹുലിന്റെ വിശ്വസ്‌തനും കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്‌ണു, ചാർലി എന്നിവരെയാണ് പ്രതി ചേർത്തത്. ഇവർക്ക് വ്യാജ വോട്ടർ ഐഡി കാർഡുണ്ടാക്കിയതിൽ നിർണായക പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിചേർത്ത നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുക്കും. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമിച്ച് വിതരണം ചെയ്യാൻ ‘കാർഡ് കളക്‌ഷൻ ഗ്രൂപ്പ്’ എന്ന പേരിൽ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇൗ ഗ്രൂപ്പിൽ അംഗങ്ങളാണ് ഇവർ നാലുപേരും. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കേസിൽ രാഹുലിന്റെ പങ്ക് വ്യക്‌തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു.
നേരത്തെ പ്രതി ചേർക്കപ്പെട്ടവരിൽനിന്ന് ഒരു മൊബൈൽഫോണും രണ്ട് ലാപ്‌ടോപ്പും അന്വേഷക സംഘം പിടിച്ചെടുത്തിരുന്നു. പ്രതിചേർക്കപ്പെട്ട നാലു പേരുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. റെയ്‌ഡിൽ നുബിൻ ബിനുവിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്‌തു. ഇൗ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും. കേസിൽ അന്വേഷകസംഘം ആവശ്യപ്പെട്ട വിവരങ്ങൾ യൂത്ത് കോൺഗ്രസ് നേതൃത്വം ഇതുവരെ നൽകിയിട്ടില്ല. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ ബി വി ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിൽ പോയി ചോദ്യം ചെയ്യും.









0 comments