ഞങ്ങൾക്കുമായി മേൽവിലാസം

നിർമാണം നടക്കുന്ന വീടിനുമുന്നിൽ ഗീതാകുമാരി

അശ്വതി ജയശ്രീ
Published on Nov 01, 2025, 08:18 AM | 1 min read
പത്തനംതിട്ട: "വർഷങ്ങളായി വാടകവീടുകൾ കയറിയിറങ്ങി ജീവിച്ചിരുന്ന ഞങ്ങൾക്ക് സ്വന്തമായൊരു വീടാകാൻ ഇൗ സർക്കാർ വരേണ്ടിവന്നു. ഇതിനപ്പുറം എന്താണ് സർക്കാർ ഞങ്ങൾക്കായി ചെയ്യേണ്ടത്'– അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ വീടുലഭിച്ച പന്തളം സ്വദേശിനി ഗീതാകുമാരിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.
വിവാഹം കഴിച്ചുവന്നത് മുതൽ വർഷങ്ങളായി വാടകവീടുകളായിരുന്നു മേൽവിലാസം. എന്നാലിപ്പോൾ, പന്തളം തെക്കേക്കേര പഞ്ചായത്തിൽ കീരുകുഴിയിൽ സ്വന്തമായൊരു മേൽവിലാസം ഒരുങ്ങുന്ന സന്തോഷത്തിലാണിവർ. കിടപ്പുരോഗിയായ ഭർത്താവ് പ്രസാദ് അതിദരിദ്രരുടെ പട്ടികയിൽപ്പെട്ടിരുന്നു. കഴിഞ്ഞവർഷം അദ്ദേഹം മരിച്ചതോടെ ഗീതാകുമാരിയെ പട്ടികയിൽ ചേർത്തു.
പ്രസാദിന്റെ മരണശേഷമാണ് കീരുകുഴിക്ക് സമീപം മൂന്നുസെന്റ് സ്ഥലം വാങ്ങിയതും വീട് നിർമാണം ആരംഭിച്ചതും. ഹൃദ്രോഗിയായ ഗീതയ്ക്കൊപ്പം രോഗിയായ മകൻ ഗിരിപ്രസാദ് മാത്രമാണുള്ളത്. വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പദ്ധതിപ്രകാരം വാടകയിനത്തിൽ മാസം 3000 രൂപയും ലഭിക്കുന്നു.
"വീട് ചെറുതാണെങ്കിലും എന്റെ സന്തോഷം വലുതാണ്. രോഗവും ചികിത്സയുമൊക്കെയായി കഷ്‌ടപ്പെട്ട എനിക്കും മകനും കിട്ടിയ വലിയ ആശ്വാസം. ഞങ്ങളെത്തേടി ആരെങ്കിലും വരുമെന്നോ സർക്കാർ വീട് നൽകുമെന്നോ സ്വപ്നത്തിൽപ്പോലും കരുതിയില്ല. ഞങ്ങളെപ്പോലുള്ള പാവങ്ങൾ ഇനിയുമുണ്ടെങ്കിൽ അവർക്കും സഹായം ലഭിക്കണം'–ഗീതാകുമാരി പറഞ്ഞു.









0 comments