ലോറികൾ തടഞ്ഞ് പണപ്പിരിവ്; എംവിഡി ഉദ്യോഗസ്ഥൻ ചമഞ്ഞ യുവാവ് പിടിയിൽ

കോവളം: മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി കൈക്കൂലി വാങ്ങിയ യുവാവ് പിടിയിൽ. കാഞ്ഞിരംകുളം കരിച്ചൽ രതീഷ് ഭവനിൽ രതീഷ് (37) ആണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. കാഞ്ഞിരംകുളം ബൈപാസ് മേഖലയിൽ രാത്രി സമയങ്ങളിൽ ലോറികൾ തടഞ്ഞ് വാഹന ഉടമകളിൽനിന്ന് വൻതോതിൽ പണം വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പാറശാല ആർടിഒ ഓഫീസിലെ മുൻ താൽക്കാലിക ജീവനക്കാരനാണിയാൾ.
തമിഴ്നാട് തിരുനൽവേലി ജില്ലയിലെ കാവൽകിണർ സ്വദേശിയായ സെന്തിൽകുമാർ നൽകിയ പരാതിയിലാണ് അറസ്‌റ്റ്. തമിഴ്നാട്ടിൽനിന്ന് വിഴിഞ്ഞം അദാനി പോർട്ടിലേക്ക് കല്ല് കയറ്റിക്കൊണ്ടുപോകുന്ന ലോറികളിൽനിന്നാണ് പ്രതി പണം പിരിച്ചത്. ആർടിഒ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തിയാണ് പണം പിരിച്ചത്. 14ന്, ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ടു. പ്രതിയുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അന്നേദിവസം 37,000 രൂപ ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് എസ്എച്ച്ഒ പി രതീഷ് പറഞ്ഞു.









0 comments