പ്രഥമ സംസ്ഥാന ആയുഷ് കായകൽപ് പുരസ്‌കാരം; എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിക്ക് ഒന്നാം സ്ഥാനം

ernakulam ayurveda hospital
വെബ് ഡെസ്ക്

Published on Jul 15, 2025, 05:11 PM | 2 min read

തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ് അവാർഡുകൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കേരള ആയുഷ് കായകൽപ്.


സംസ്ഥാന തലത്തിൽ ജില്ലാ ആശുപത്രി വിഭാഗത്തിൽ ഐഎസ്എം വകുപ്പിൽ 95.91 ശതമാനം മാർക്ക് നേടി എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഒന്നാം സ്ഥാനവും 94.61 ശതമാനം മാർക്കോടെ കൊല്ലം ജില്ലാ ആയുർവേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളിൽ 99.17 ശതമാനം മാർക്ക് നേടി തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 98.22 ശതമാനം മാർക്കോടെ എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ 80 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ കമൻഡേഷൻ അവാർഡുകളും നേടിയിട്ടുണ്ട്.


ഐഎസ്എം വകുപ്പ് സബ് ജില്ലാ ആശുപത്രികളിൽ 98.97 ശതമാനം മാർക്ക് നേടി പാലക്കാട് ജില്ല, ഒറ്റപ്പാലം ഗവ. ആയുർവേദ ആശുപത്രി ഒന്നാം സ്ഥാനവും 95.50 ശതമാനം മാർക്കോടെ കണ്ണൂർ ജില്ല, ചെറുകുന്ന് ഗവ. ആയുർവേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് സബ് ജില്ലാ ആശുപത്രികളിൽ 92.86 ശതമാനം മാർക്ക് നേടി കോട്ടയം ജില്ല, കുറിച്ചി ഗവ. ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 91.78 ശതമാനം മാർക്കോടെ തിരുവനന്തപുരം ജില്ല, നെയ്യാറ്റിൻകര ഗവ. ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ 80 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി സബ് ജില്ലാ ആശുപത്രികൾ കമൻഡേഷൻ അവാർഡുകളും നേടിയിട്ടുണ്ട്.


കേരളത്തിലെ 14 ഐഎസ്എം, 14 ഹോമിയോപ്പതി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 42 ഐഎസ്എം 42 ഹോമിയോപ്പതി സ്ഥാപനങ്ങൾ കമൻഡേഷൻ അവാർഡുകളും നേടിയിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സർക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങൾക്കാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


ഐഎസ്എം, ഹോമിയോപ്പതി വകുപ്പുകളിൽ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. ജില്ലാ ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയുമാണ് അവാർഡ്. 1.5 ലക്ഷം രൂപ വീതമാണ് കമൻഡേഷൻ അവാർഡ്. സബ് ജില്ലാ ആശുപത്രി തലത്തിൽ ഒന്നാം സ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം 3 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപ വീതമാണ് കമൻഡേഷൻ അവാർഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം 1 ലക്ഷം രൂപയും കമൻഡേഷനായി 30000 രൂപ വീതവും നൽകുന്നു.


കേരളത്തിലെ എല്ലാ ആയുർവേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ (എഎച്ച്ഡബ്ല്യൂസി) എന്നിവയിൽ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ് അവാർഡ് നൽകുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിർമ്മാർജനം എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച അസ്സസർമാർ നടത്തിയ മൂല്യ നിർണയം ജില്ലാ/ സംസ്ഥാന കായകൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് കായകൽപ് അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home