യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമീഷൻ

എ ഇർഷാദ്, യു പ്രതിഭ
തിരുവനന്തപുരം: കായംകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. ആലപ്പുഴ കലക്ടറോട് കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് മുൻപ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
നാക്ക്‌ചാതുര്യംകൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വിൽപ്പനയ്‌ക്കായിവച്ചുമാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദിന്റെ അധിക്ഷേപം. സ്‌ത്രീത്വത്തെ അപമാനിച്ചതിനെതിരെ പ്രതിഭയും ജനാധിപത്യ മഹിളാ അസോസിയേഷനും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
ബുധനാഴ്ച യുഡിഎഫ് കൺവൻഷനിൽ ഇർഷാദ് കടുത്ത സത്രീവിരുദ്ധ പരാമർശം നടത്തുമ്പോൾ മറ്റ് നേതാക്കൾ തിരുത്തിയതുമില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, യുഡിഎഫ് സ്ഥാനാർഥി എം ലിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം.
ചാനലുകളിൽ വാർത്തയാകുകയും വൻപ്രതിഷേധം ഉയരുകയും ചെയ്‌തതോടെ എ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, കേവലം ഖേദപ്രകടനംകൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൻ പ്രതിഷേധം ഉയർന്നതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.










0 comments