അന്വേഷണം ഇഡി 
‘ഒതുക്കിയ’ കേസുകളിലേക്ക്‌

Enforcement Directorate
avatar
സ്വന്തം ലേഖകൻ

Published on May 24, 2025, 01:39 AM | 2 min read

കൊച്ചി: എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കൈക്കൂലി വാങ്ങി ഒതുക്കിയ കേസുകളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ച്‌ വിജിലൻസ്. ഇഡി ഉദ്യോഗസ്ഥർക്കാണെന്ന്‌ പറഞ്ഞ്‌ മൂന്നുകോടി രൂപവരെ പ്രതികൾ വാങ്ങിയെന്ന വിവരം വിജിലൻസിന്‌ ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളിൽനിന്നാണ്‌ ഇക്കാര്യം അന്വേഷകസംഘത്തിന്‌ കണ്ടെത്താനായത്‌. ഇരകളെ ബന്ധപ്പെട്ട്‌ പരാതി വാങ്ങാനുള്ള ശ്രമത്തിലാണ്‌ വിജിലൻസ്‌. രണ്ടാംപ്രതി വിൽസൺ വർഗീസ്‌, താൻ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഈ ഫോൺ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലൻസിന് പരാതി നൽകിയത്. ഈ നിർണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക്‌ അന്വേഷണം ആരംഭിച്ചത്‌. ഇതിൽനിന്ന്‌ ലഭിക്കുന്ന തെളിവുകൾവച്ച്‌ ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ്‌ ഡയറക്ടർ ശേഖർകുമാറിനെ ചോദ്യംചെയ്യാനാണ്‌ വിജിലൻസ്‌ നീക്കം. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം വെള്ളിയാഴ്‌ചയാണ്‌ പുറത്തുവന്നത്‌. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന്‌ വിൽസൺ ഉറപ്പുനൽകുന്നതാണ് സംഭാഷണത്തിലുള്ളത്.

പണം നൽകിയാൽ പിന്നെ ഇഡിയിൽനിന്ന്‌ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അല്ലാത്തപക്ഷം ഇഡി പൂട്ടും. പല കേസുകളിലും താൻ ഇഡിക്കുവേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായനികുതിവകുപ്പുമായി നല്ല ബന്ധമാണുള്ളതെന്നും വിൽസൺ പറയുന്നുണ്ട്‌. ഇഡി സമൻസ് അയച്ചതിനുപിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. രണ്ടുമുതൽ നാലുവരെ പ്രതികളായ വിൽസൺ വർഗീസ്‌, മുരളി മുകേഷ്‌, ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവർ വെള്ളിയാഴ്ച വിജിലൻസിനുമുന്നിൽ ഹാജരായി. ഇവർക്ക് വ്യാഴാഴ്ചയാണ്‌ വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. പണം നിക്ഷേപിക്കാൻ പരാതിക്കാരന് ഏജന്റുമാർ നൽകിയ അക്കൗണ്ട് നമ്പർ താനെയിലുള്ള തട്ടിക്കൂട്ട് കമ്പനിയുടേതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒറ്റമുറിക്കെട്ടിടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. തട്ടിപ്പിനുവേണ്ടിമാത്രം രൂപീകരിച്ച കമ്പനിയാണെന്നാണ്‌ വിജിലൻസ് സംശയിക്കുന്നത്‌.


ജാമ്യം ലഭിച്ചത്‌ തിരിച്ചടിയല്ല

കൊച്ചി കേസ്‌ ഇല്ലാതാക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസന്വേഷണത്തിന്‌ തിരിച്ചടിയല്ലെന്ന്‌ വിജിലൻസ്‌ എസ്‌പി- എസ് ശശിധരൻ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കോഴക്കേസിൽ പരാതിക്കാരൻ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ല. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയശേഷമാണ്‌ കേസ് എടുത്തത്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ഇഡി ഉദ്യോഗസ്ഥനെ ചോദ്യംചെയ്യലിന്‌ വിളിപ്പിക്കും. കസ്റ്റഡിസമയത്ത് പ്രതികൾ പൂർണമായും സഹകരിച്ചുവെന്ന് പറയാൻ പറ്റില്ല. ജാമ്യത്തിലുള്ള പ്രതികളോട്‌ ഞായറൊഴികെയുള്ള ദിവസങ്ങളിലായി ഒരാഴ്‌ച വിജിലൻസ് ഓഫീസിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. ജാമ്യവ്യവസ്ഥപ്രകാരം വെള്ളിയാഴ്‌ച പ്രതികൾ വിജിലൻസിനുമുന്നിൽ ഹാജരായി. പ്രതികളിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ തേടണമെന്ന അന്വേഷകസംഘത്തിന്റെ ആവശ്യം ജാമ്യം അനുവദിച്ചപ്പോൾ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി അംഗീകരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home