ആദ്യ കള്ളം പൊളിഞ്ഞു ; ‘റൂട്ട് ’മാറ്റി ഇഡിയും മാധ്യമങ്ങളും

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ മകന് അയച്ചതായി പ്രചരിപ്പിക്കുന്ന നോട്ടീസ് സംബന്ധിച്ച ആദ്യ കഥകൾക്ക് വേണ്ടത്ര വിശ്വാസ്യതയില്ലെന്ന് കണ്ടതോടെ പുതിയ തിരക്കഥയൊരുക്കി ഇഡിയും മാധ്യമങ്ങളും. ലൈഫ് മിഷൻ കേസിലാണ് നോട്ടീസെന്ന് ആഘോഷിച്ചവർ, തിങ്കളാഴ്‌ച ലാവ്‌ലിൻ കേസിലാണ് നോട്ടീസെന്ന് ഉളുപ്പുമില്ലാതെ മലക്കം മറിഞ്ഞു. ചില കേന്ദ്രങ്ങൾ കുറിച്ചുകൊടുത്ത വാചകങ്ങൾ അതേപടി ഉപയോഗിച്ചാണ് ചാനലുകൾ വ്യാജവാർത്തകൾ പടയ്ക്കുന്നത്.
സർക്കാരിനെതിരെ മുന്നറിയിപ്പ് നൽകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും ഇഡിയും വ്യാജവാർത്ത ആദ്യം കൊടുത്ത യുഡിഎഫ് പത്രവുമാണ് ഗൂഢാലോചന നടത്തിയെന്ന് ഇതോടെ വ്യക്തമാവുകയാണ്. മറ്റൊരു ‘മാസപ്പടി ’ വാർത്തയാണെങ്കിലും മൂന്നാം ദിവസം തന്നെ ചവറ്റുകുട്ടയിലിടേണ്ട ഗതികേടിലാവുമെന്ന് വ്യാജനെ പടച്ചവർ കരുതിയിട്ടുണ്ടാവില്ല.
ലൈഫ് മിഷൻ പദ്ധതി കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പറഞ്ഞത് പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 2023ൽ ഇഡി നോട്ടീസ് അയച്ചതെന്നായിരുന്നു യുഡിഎഫ് പത്രത്തിന്റെ ആദ്യ ‘ബ്രേക്കിങ് ന്യൂസ്’. ഇഡി കൊച്ചി ഓഫീസിലെ അസിസ്‌റ്റന്റ് ഡയറക്ടർ പി ആനന്ദ് കൈവശം മാത്രമുള്ളതായി പറയുന്ന നോട്ടീസാണ് പ്രത്യക്ഷപ്പെട്ടത്. രണ്ടു ദിവസം ഇതുവച്ച് അകംപുറം പേജുകൾ നിറച്ചു. ലൈഫ് വിഷയത്തിലാണ് നോട്ടീസ് എന്ന് ഉറപ്പിച്ചായിരുന്നു വാർത്തയും ‘വിദഗ്ധ’രുടെ വിശകലനങ്ങളും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പ്രതികരിച്ചു. കോൺഗ്രസ് മുൻ എംഎൽഎ ഇതേ വിഷയം പറഞ്ഞ് കോടതിയിൽ ഹർജിയും നൽകി.
എന്നാൽ ലാവ്‌ലിൻ കേസിലാണ് നോട്ടീസെന്ന പുതിയ ‘ബ്രേക്കിങ് ’ നൽകി ഇതേ മാധ്യമങ്ങൾ സ്വന്തം വാർത്തകളെ കുപ്പയിലെറിഞ്ഞു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേസിലേക്ക് മകനെക്കൂടി വലിച്ചിഴക്കുന്നത് ഗൂഢാലോചനക്കാരുടെ പാപ്പരത്തം വെളിപ്പെടുത്തുന്നു.









0 comments