പരിസ്ഥിതിലോല മേഖല; പരിശോധിക്കാന്‍ ഡിജിറ്റൽ മാപ്പുകളില്ല


സ്വന്തം ലേഖകൻ
Published on Sep 22, 2026, 07:19 AM | 1 min read
കൊല്ലം : പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപം ബോധിപ്പിക്കാനുള്ള 60ദിവസത്തെ സമയപരിധി 25ന് അവസാനിക്കും. എന്നാൽ, ജിയോ - കോ – ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ വില്ലേജ് ഡിജിറ്റൽ മാപ്പുകൾ ജനങ്ങൾക്ക് പരിശോധിക്കാൻ പഞ്ചായത്തുകളിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നില്ല.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സൈറ്റിൽ ഭൂപടം കൃത്യമായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭൂപടം സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ സൈറ്റിൽ നോക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഭൂപടം നോക്കി ജനവാസമേഖല കണ്ടെത്താൻ കഴിയില്ലെന്നതാണ് വസ്തുത.
ഭൂമിയും വീടും ഇഎസ്എ പരിധിയിലുണ്ടോ എന്നറിയാൻ കർഷകർ നെട്ടോട്ടമോടുകയാണ്. ജനങ്ങൾക്ക് ആക്ഷേപം ഉന്നയിക്കാൻ നിശ്ചിത ദിവസത്തെ സമയം മാത്രമുള്ളപ്പോൾ മാപ്പുകൾ രഹസ്യമാക്കി വയ്ക്കുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കരട് വിജഞാപനത്തിൽ ജില്ലയിൽ എട്ട് വില്ലേജിലായി ആകെ 79,603.47ഹെക്ടർ പ്രദേശമാണ് ഉൾപ്പെട്ടിട്ടുള്ളത്. കുളത്തൂപ്പുഴ – 32,433.64, ആര്യങ്കാവ്– 14,475.66, തെന്മല– 8,016.16, ഇടമൺ– 7,607.28, പിറവന്തൂർ– 6,287.47, തിങ്കൾകരിക്കകം– 5,258.39, പുന്നല– 4,367.42, ചണ്ണപ്പേട്ട– 1,157.45 എന്നിങ്ങനെയാണ് വില്ലേജുകളിലെ വിസ്‌തൃതി. 79,000ഏക്കർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടതോടെ 50,000കർഷകരാണ് ജില്ലയിൽ വലിയ പ്രതിസന്ധി നേരിടുന്നത്.
ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ട കർഷകർക്കും നിശ്ചിത പരിധിക്കുള്ളിൽ താമസിക്കുന്ന സാധാരണക്കാർക്കും സ്വന്തം ഭൂമിയിൽ എന്തെങ്കിലും നിർമാണം നടത്തണമെങ്കിൽ പഞ്ചായത്തിന്റേതിന് പുറമെ വനംവകുപ്പിന്റെ കർശന അനുമതികൂടി വാങ്ങണമെന്നത് നിർമാണ പ്രവർത്തനങ്ങൾ പൂർണമായി തടയുന്നതിന് തുല്യമാണ്. സ്വന്തം പുരയിടത്തിൽ വീട് പുതുക്കിപ്പണിയാൻ പോലും വനംവകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും.








0 comments