ad
Deshabhimani

പൊതിച്ചോർ വിതരണം ഡിവൈഎഫ്‌ഐ തുടരും; ഒരു മന്ത്രിക്കും തടയാനാകില്ല: വി കെ സനോജ്

K MURALEEDHARAN V K SANOJ

കെ മുരളീധരൻ, വി കെ സനോജ്

വെബ് ഡെസ്ക്

Published on Jul 19, 2026, 05:01 PM | 1 min read

കണ്ണൂർ: ആയിരക്കണക്കിനാളുകൾക്ക്‌ ആശ്വാസമായ, കക്ഷിരാഷ്‌ട്രീയത്തിനതീതമായ പിന്തുണ ലഭിച്ച ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ രാഷ്‌ട്രീയംകാണുന്നത്‌ ആരോ​ഗ്യമന്ത്രി കെ മുരളീധരനെന്ന്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എംഎൽഎ. ഭക്ഷണം നൽകുമ്പോൾ അതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഡിവൈഎഫ്ഐ നടത്തിയിട്ടില്ല. ഇതുവരെ തുടർന്നിരുന്നതുപോലെ വരുംദിവസങ്ങളിലും പൊതിച്ചോർ വിതരണം ചെയ്യും. ഒരു മന്ത്രിക്കും അത് തടയാനാകില്ലെന്നും സനോജ് പറഞ്ഞു.


ഡിവൈഎഫ്ഐയ്ക്ക് വിവിധയിടങ്ങളിലായി നൂറുകണക്കിന് ആംബൂലൻസുകളുണ്ട്. അതും നിർത്താൻ മന്ത്രി പറയുമോ? ഓരോ ദിവസവും ആയിരത്തിലേറെപ്പേർക്ക് രക്തംദാനം ചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. ഉമ്മൻചാണ്ടി ഭരിക്കുമ്പോഴും,ഏറ്റവും കൂടുതൽ രക്തംദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ഡിവൈഎഫ്ഐയ്ക്കാണ്. ഡിവൈഎഫ്ഐയുടെ രക്തദാനവും തടയുമെന്ന് മന്ത്രി പറയുമോ? എന്തിനാണ് മുരളീധരൻ ഡിവൈഎഫ്ഐയെ ഭയക്കുന്നതെന്നും സനോജ് ചോദിച്ചു.


ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തിയത് യുഡിഎഫ് നേതാക്കളാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ ഒരു ക്രമസമാധാന പ്രശ്‌നവും ഇതുവരെ റിപ്പോർട്ടുചെയ്‌തിട്ടില്ല. പൊതിച്ചോറുകളിൽ സ്‌റ്റിക്കറുകളോ മറ്റ്‌ രാഷ്‌ട്രീയ പ്രചാരണങ്ങളോ നടത്താത്ത സാഹചര്യത്തിൽ എന്തുകാര്യത്തിലാണ്‌ ഇ‍ൗ ഇടപെടലെന്ന്‌ മന്ത്രി വ്യക്തമാക്കണം. അങ്ങനെയാണെങ്കിൽ സർക്കാർ ആരംഭിക്കുന്ന മെഡിക്കൽ കോളേജ്‌ മന്ത്രിയുടെ അച്ഛൻ കെ കരുണാകരന്റെയും കെഎസ്‌ആർടിസി ബസുകളിലെ സ്‌ത്രീസ‍ൗജന്യയാത്ര ഇന്ദിരാഗാന്ധിയുടെ പേരിലുമായത്‌ രാഷ്‌ട്രീയമല്ലേ..? പൊതിച്ചോറിൽ രാഷ്‌ട്രീയംകലർത്തി സർക്കാരിനുമുന്നിലുള്ള പ്രധാന പ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടാനുള്ള രാഷ്‌ട്രീയ ആയുധമാക്കുകയാണ്‌ മന്ത്രിയും കോൺഗ്രസും. ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മന്ത്രി തികഞ്ഞ പരാജയമാണ്‌. ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനാണ്‌ അദ്ദേഹം ശ്രദ്ധിക്കേണ്ടതെന്നും സനോജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home