ad
Deshabhimani

വീടെവിടെ കോൺ​ഗ്രസേ? പ്രതിഷേധിക്കാനൊരുങ്ങി ഡിവൈഎഫ്ഐ; കുടിൽകെട്ടി സമരം നടത്തും

dyfi
വെബ് ഡെസ്ക്

Published on Mar 28, 2026, 03:46 PM | 1 min read

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ - ചൂരൽമല അതിജീവിതർക്കായി വീട് വച്ചുനൽകാനെന്ന പേരിൽ കെപിസിസി പിരിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആവശ്യപ്പെട്ടു. ഫണ്ട് സമാഹരിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും തുകയെക്കുറിച്ചോ അതെന്തിന് ഉപയോ​ഗിച്ചുവെന്നതിനെ കുറിച്ചോ യാതൊരു വിവരവുമില്ല. ജനങ്ങളെ കബളിപ്പിക്കുന്ന കോൺഗ്രസിന്റെ ഈ നിലപാടിനെതിരെ 'വീടെവിടെ കോൺഗ്രസേ?' എന്ന ചോദ്യമുയർത്തി ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


വയനാട് ഫണ്ടിനായി രൂപീകരിച്ച സംയുക്ത അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരത്തിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കണം. കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവെച്ചത് ദുരൂഹമാണ്. സുതാര്യതയെക്കുറിച്ച് വാതോരാതെ പറയുന്നവർ സ്വന്തം കാര്യത്തിൽ കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വസീഫ് കുറ്റപ്പെടുത്തി.


കോൺഗ്രസിന്റെ പുനർജനി പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ടിട്ട് ഒരു മാസമായിട്ടും ഒരു ഇഷ്ടിക പോലും അവിടെ വെച്ചിട്ടില്ല. തറക്കല്ലിടൽ മാമാങ്കം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. പഴയ വാഗ്ദാനങ്ങൾ പാലിക്കാത്തവരാണ് പുതിയ വാഗ്ദാനങ്ങളുമായി ഇപ്പോൾ ജനങ്ങളെ സമീപിക്കുന്നത്.


വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ പിരിച്ച ഓരോ രൂപയുടെയും കണക്കുകൾ കൃത്യമായി പുറത്തുവിട്ടിട്ടുണ്ട്. സമാഹരിച്ച തുകയെ സംബന്ധിച്ച് പൂർണമായ സുതാര്യത ഡിവൈഎഫ്ഐ ഉറപ്പുവരുത്തിയിട്ടുണ്ട്. ഫണ്ട് മുക്കുന്ന കോൺഗ്രസ് രീതിയാണ്, ഡിവൈഎഫ്ഐ എപ്പോഴും സുതാര്യമാണ്.


വീടെവിടെ കോൺ​ഗ്രസേ? എന്ന ചോദ്യവുമായി വയനാട്ടിൽ കോൺ​ഗ്രസ് ഏറ്റെടുത്ത സ്ഥലത്തും എല്ലാ ജില്ലകളിലും കുടിൽകെട്ടി പ്രക്ഷോഭം ആരംഭിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. അതിജീവിതരെ വഞ്ചിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും വി വസീഫ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home