ഇഎസ്ഐ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

ഡിവൈഎഫ്ഐ പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ബി ബിജു ഉദ്ഘാടനം ചെയ്യുന്നു
പേരൂർക്കട: പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലെ ദുരിതത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി ബി ബിജു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ എസ് ജിതിൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ആർ അമൽ, ട്രഷറർ ആർ അർജുൻ രാജ്, കെ ജി ആരോമൽ, പി സി അരവിന്ദ്, വി ജി വിനീത് തുടങ്ങിയവർ സംസാരിച്ചു.
അൾട്രാസൗണ്ട് സ്കാനിങ്ങിന് ഡോക്ടർ ഇല്ലെന്ന കാരണത്താൽ അടച്ചിട്ടിരിക്കുന്നു, സംസ്ഥാനത്തെ ഒരേ ഒരു ഡ്രഗ് ടെസ്റ്റിങ് ലാബ് ഇവിടെയുണ്ടായിട്ടും പ്രവർത്തനസജ്ജമല്ല തുടങ്ങിയ വീഴ്ചകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് മാർച്ച്.
ലക്ഷങ്ങൾ മുടക്കി നിർമിച്ച സ്കാനിംഗ് - കീമോ യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. മരുന്നിന്റെയും സൗകര്യങ്ങളുടെയും കുറവുകാരണം ജനങ്ങൾ വലയുകയാണ്. പല വാർഡുകളിലും പൂച്ച പെറ്റുകിടക്കുകയാണ്.
വാർഡുകളിൽ നിരവധിയാളുകൾ ഉപയോഗിക്കുന്നത് വൃത്തിഹീനമായ ശുചിമുറികളായത് രോഗികൾക്കുള്ളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികൾ കൂടുതൽ അസുഖങ്ങളുമായി ആശുപത്രി വിടേണ്ട സ്ഥിതിയാണ് ഇപ്പോൾ.







0 comments