ആൻഡമാനിൽ നിന്നും മഞ്ചേരിയിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രതികൾക്ക് 15 വർഷം കഠിന തടവ്

മഞ്ചേരി: കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മഞ്ചേരിയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവ്. കേസിലെ ഒന്നാം പ്രതി നിഷാന്ത് (25), രണ്ടാം പ്രതി റിയാസ് (33), മൂന്നാം പ്രതി സിറാജുദീൻ (30) എന്നിവരെയാണ് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ അരക്കിലോയോളമാണ് പ്രതികൾ കടത്തിയത്.
2023 ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറയ്ക്കൽ ബൈപാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സൽ ആയി എത്തിച്ച മയക്കുമരുന്ന് ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും പ്രതികളെ പിടികൂടുന്നത്. മഞ്ചേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായാണ് പ്രതികൾ മരുന്ന് എത്തിച്ചത്.
ഒന്നാം പ്രതി നിഷാന്തിന്റെ പേരിലാണ് പാഴ്സൽ എത്തിയത്. ഭക്ഷണസാധനങ്ങളുടെ ഗ്ലാസ്സ് ജാറുകളിൽ ഒളിപ്പിച്ചായിരുന്നു കടത്ത്. മറ്റു പ്രതികളുടെ സുഹൃത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് വ്യാജ മേൽവിലാസത്തിൽ കൊറിയർ ആയി മയക്കുമരുന്ന് അയച്ചത്. മുഹമ്മദ് സാബിത് ഇപ്പോഴും ഒളിവിലാണ്.
എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കേസന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സുരേഷ് ഹാജരായി. കേസിൽ തെളിവായി 52 രേഖകൾ സമർപ്പിക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.








0 comments