മയക്കുമരുന്ന് കേസ്; ‘ബുള്ളറ്റ് ലേഡി’ നിഖില കരുതൽതടങ്കലിൽ

പയ്യന്നൂര്‍ : മയക്കുമരുന്ന് വിൽപ്പനക്കേസുകളിലൂടെ കുപ്രസിദ്ധയായ ‘ബുള്ളറ്റ് ലേഡി’ കരുതൽ തടങ്കലിൽ. പയ്യന്നൂർ പുഞ്ചക്കാട് മുല്ലക്കോട് അണക്കെട്ടിന് സമീപത്തെ സി നിഖില (31)യാണ് കരുതല്‍തടങ്കലിലായത്. 2023 ഡിസംബര്‍ ഒന്നിനാണ് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം നിഖിലയെ ആദ്യമായി അറസ്റ്റുചെയ്തത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22ന് 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. തുടര്‍ച്ചയായി രണ്ടു കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍തടങ്കലില്‍ വയ്ക്കുന്നതിന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശുപാര്‍ശചെയ്തത്.
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്നതിനായി അന്വേഷകസംഘം പയ്യന്നൂരിലെ വീട്ടിലെത്തിയെങ്കിലും നിഖിലയെ കണ്ടെത്താനായില്ല. ബംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കേരള പൊലീസ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ്, എക്‌സൈസ് സൈബര്‍സെല്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നര്‍ക്കോട്ടിക് വിങ് ബംഗളൂരു, ബംഗളൂരു മഡിവാള പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് വൃന്ദാവന്‍ നഗറില്‍ താമസിച്ചുവന്ന നിഖിലയെ കണ്ടെത്തിയത്.
കരുതല്‍തടങ്കലിന്റെ കാലാവധി ആറു മാസമാണ്. ബുള്ളറ്റില്‍ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതിനാലാണ് ബുള്ളറ്റ് ലേഡിയെന്ന പേരിൽ നിഖില അറിയപ്പെട്ടത്.









0 comments