മയക്കുമരുന്ന് കേസിലെ പ്രതിയെ ജയ്പൂരിൽ നിന്ന് പിടികൂടി

തിരൂരങ്ങാടി : മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വൻ തോതിൽ മയക്കുമരുന്ന് വിപണനം നടത്തിയിരുന്ന യുവാവിനെ ജയ്പൂരിലെത്തി പിടികൂടി എക്സൈസ് സംഘം. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ റമീസ് റോഷൻ (30- റംമ്പോ)യാണ് പിടിയിലായത്. ഇയാൾ ഒളിവിലായിരുന്നു. മഞ്ചേരി എൻഡിപിഎസ് സ്പെഷ്യൽ കോടതിയുടെ വാറണ്ട് പ്രകാരം അഡീഷണൽ എക്സൈസ് കമീഷണർ രൂപം നൽകിയ മലപ്പുറം പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് രഹസ്യ വിവരത്തിൽ പ്രകാരം രാജ്യസ്ഥാനിലെ ജയ്പൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
രണ്ട് കൊമേഴ്സ്യൽ കേസുകളിൽ 2020 ൽ മലപ്പുറം ചേലേമ്പ്രയിൽ എൻഡിപിഎസ് കൊമേഴ്സ്യൽ ക്വാണ്ടിറ്റി അളവിൽ എംഡിഎംഎ ക്രിസ്റ്റൽ, എംഡിഎംഎ ഗുളികകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ കൈവശം വെച്ച് വിൽപന നടത്തവേ ഇയാളെ പിടികൂടിയിരുന്നു. വിചാരണക്കാലയാളവിൽ കോവിഡ് കാലഘട്ടത്തിൽ ജാമ്യം ലഭിച്ചതോടെ കോഴിക്കോട് മറ്റൊരു കൊമേഴ്സ്യൽ എൽഎസ്ഡി കേസിൽ കൂടി പ്രതിയായി. ഈ കേസിൽ കൂട്ടാളി മാത്രമാണ് അറസ്റ്റിലായത്. റോഷൻ ഒളിവിൽ പോയി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മയക്ക് മരുന്ന് ശേഖരിച്ച് വാട്സ്അപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് വിപണനം.
എംഡിഎംഎ, മെത്താം ഫിറ്റാമിൻ, ഗഞ്ച, ഹാഷിഷ് എന്നിവയുടെ ഫോട്ടോകൾ ആവശ്യക്കാർക്ക് അയച്ചു നൽകും. ജി പെ, ഫോൺ മുഖേന പണം അയച്ചുനൽകിയാണ് കച്ചവടം. കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് എത്തിച്ച് നൽകും. ഇയാൾ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയ്പൂരിലെ ലൊക്കേഷൻ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിൽ അർശദീപ് അപ്പാർട്ട്മെൻ്റിൽ നിന്നാണ് പിടികൂടിയത്. ചേലേമ്പ്രയിലെ കേസിൽ മഞ്ചേരി എൻഡിപിഎസ് കോടതി ഇയാളുടെ കൂട്ടുപ്രതിക്ക് 21 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇയാൾ ജയിലിൽശിക്ഷ അനുഭവിച്ച് വരികയാണ്. ഒരാൾ കൂടി ഈ കേസിൽ ഒളിവിൽ തുടരുന്നുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ ചോമരി, അരുൺ പാറോൽ,എം എം ദിദിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.








0 comments