print edition വികസനത്തിന് ചുക്കാൻ പിടിച്ച വിസി

കേരള സർവകലാശാല വൈസ് ചാൻസലറായി ഡോ. വി പി മഹാദേവൻ പിള്ള ചുമതലയേൽക്കുന്നു (ഫയൽ ചിത്രം)
തിരുവനന്തപുരം: കേരള സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയെടുത്ത വൈസ് ചാൻസലറാണ് ഡോ. വി പി മഹാദേവൻ പിള്ള, പടിയിറങ്ങിയിട്ട് മൂന്നുവർഷമായെങ്കിലും സർവകലാശാലയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന പേര്. പ്രശ്നങ്ങളോ കലഹങ്ങളോ ഒന്നുമില്ലാതെ നാലുവർഷം സർവകലാശാലയെ അദ്ദേഹം നയിച്ചു. ഈ കാലത്താണ് രാജ്യത്തിന് തന്നെ മാതൃകയായി നാക് എ പ്ലസ് പ്ലസ് നേട്ടം കേരള സ്വന്തമാക്കിയത്.
നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) വിലയിരുത്തലിൽ ഐഐടികൾക്ക് തുല്യമായ ഗ്രേഡോടെയാണ് ചരിത്രനേട്ടം കേരള സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിസ്മയാവഹമായ നേട്ടമെന്നാണ് അക്കാദമിക സമൂഹം അതിനെ വിലയിരുത്തിയത്. രാവും പകലും സർവകലാശാലയിൽ ക്യാമ്പ് ചെയ്ത് ഐക്യുഎസിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധയോടെ ഇടപെട്ട് കേരളയുടെ പ്രിയപ്പെട്ട മഹാദേവൻ സർ മുന്നിൽ നിന്നപ്പോൾ സിൻഡിക്കറ്റും അധ്യാപകരും വിദ്യാർഥികളും അദ്ദേഹത്തിനൊപ്പം ചേർന്നു.
ഇദ്ദേഹം ചുമതലയേറ്റതിന് പിന്നാലെയാണ് ഡാറ്റാ സയൻസ് പോലെയുള്ള പുതുതലമുറ വകുപ്പുകൾ സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ആരംഭിച്ചത്. വിരമിക്കലിന് ഏതാനും ദിവസം മുമ്പാണ് കേരള സർവകലാശാല ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം വികസിപ്പിച്ചെടുത്ത സുരക്ഷാ ഹോളോഗ്രാം സാങ്കേതിക വിദ്യയുടെ ആധികാരിക പരിശോധനാ രീതിക്കും ഉപകരണത്തിനും പേറ്റന്റ് ലഭിച്ചത്. മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിനായിരുന്നു പേറ്റന്റ്.
സർവകലാശാലയ്ക്കായി നേരവും കാലവും നോക്കാതെ പ്രയത്നിച്ച വിസി വിരമിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് സംഘപരിവാർ തീട്ടൂരവുമായ അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചത്. സർവകലാശാല ചട്ടങ്ങൾ പാലിച്ച് നിയമിതനായ വിസിക്ക് മുന്നിൽ രാജി വയ്ക്കണമെന്ന വിചിത്ര ആവശ്യമാണ് ഗവർണർ ഉന്നയിച്ചത്. രാജിവയ്ക്കണമെന്ന് ഫോണിൽ വിളിച്ചുവരെ ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം സർവകലാശാലയുടെ പടിയിറങ്ങിയത്.









0 comments