"എത്ര സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകർന്നത്; വിദ്യാർഥികളുടെ ഭാവി ഉൾപ്പെടെ ഒന്നും 'നീറ്റ'ല്ല ഈ രാജ്യത്ത്"

ഡോ. ഷിംന അസീസ് (ഇടത്) നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് (വലത്) Photo: Sarath Kalpathy
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച പുറത്തായതോടെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) കേന്ദ്രസർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധം ആർത്തിരമ്പുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർത്തെറിഞ്ഞതെന്ന് ഡോക്ടർ ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ചു. എത്രയെത്ര വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്വപ്നം കണ്ടവർ, ആഗ്രഹിച്ച ഭാവിയുടെ വാതിൽപ്പടി വരെ എത്തിയെന്ന് ഉറച്ചു വിശ്വസിച്ചവർ, എന്ത് തെമ്മാടിത്തരമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി കഴിഞ്ഞ കുറെ വർഷമായി മനുഷ്യരോട് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് അവർ തുറന്നടിച്ചു ചോദിക്കുന്നു.
2024ൽ ഇത് പോലൊരു ചോദ്യപേപ്പർ ലീക് കണ്ടവരാണ്, അന്ന് സകല പഴുതും അടച്ച് സിമന്റും പുട്ടിയും ഇട്ട് പെയിന്റ് അടിച്ചു പൂച്ചട്ടിയും വെച്ചു എന്ന് ആണയിട്ട കേന്ദ്രസർക്കാരുമാണ്. ഇക്കുറി നീറ്റ് എഴുതിയത് 22 ലക്ഷത്തിനു മീതെ ഡോക്ടർ ആവാൻ ആഗ്രഹിച്ച മക്കളാണ്. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്..? രാവും പകലും വർഷങ്ങളോളം പണവും ആരോഗ്യവും ജീവിതവും കോച്ചിങ് സെന്ററിന് തീറെഴുതിക്കൊടുത്ത വിദ്യാർഥികൾ. കോച്ചിങ് സെന്ററിൽ ലക്ഷങ്ങൾ ഒഴുക്കിയ കാശുകാർ മാത്രമൊന്നുമല്ല, അങ്ങനെ പറഞ്ഞ് ചൊറിയാനോ സൈഡ് ആക്കാനോ നോക്കുകയും വേണ്ട.
മുൻപൊരിക്കൽ ഇവിടെ എഴുതിയത് ഓർക്കുന്നുണ്ടോ? ഇങ്ങ് ബിഹാറിലെ വീട്ടില് ബ്ലിങ്കിറ്റ് ഡെലിവറിക്ക് വന്നു പോയി എന്നോട് സംസാരിച്ച അജീതിനെ കുറിച്ച്? പരാലിസിസ് ബാധിച്ച അച്ഛൻ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ വയറു നിറക്കാൻ പകൽ ബ്ലിങ്കിറ്റ് ഡെലിവറിക്കായി ഓടിനടന്ന് രാത്രി മണിക്കൂറ് കണക്കിന് സെൽഫ് സ്റ്റഡി നടത്തി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന, എന്നോട് ടിപ്സ് ഒക്കെ ചോദിച്ചു പോയ ഡെലിവറി ബോയ്? എന്തായിരിക്കണം ഇന്നലെ അജീതിന്റെ മാനസികാവസ്ഥ? കോച്ചിങ് സെന്ററിൽ പോകാൻ പറ്റാത്ത നിസാഹായാവസ്ഥയിലും അങ്ങനെ മനസിന്റെ മൂർദ്ധാവിൽ അടി കൊണ്ട എത്രയെത്ര അജീതുമാർ ഉണ്ടായിരിക്കാം.
"പെൺകുട്ടികൾ പഠിച്ചിട്ട് എന്തിനാണ്, മോദിജിയുടെ നാരി ശക്തി മണ്ഡൽ ഉള്ളപ്പോൾ നമ്മുടെ പെൺകുട്ടികൾ എന്തിന് പുറത്തേക്ക് ഇറങ്ങണം?" എന്ന് ബിഹാറിന്റെ ബിജെപിക്കാരൻ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന മിനിയാന്ന് കണ്ട് "എന്ത് തേങ്ങക്കാണ് ഇന്നാട്ടിൽ കിടന്ന് വെയില് കൊള്ളുന്നത്, ഇനിയും അൻപത് കൊല്ലം പിറകിലേക്കാണല്ലോ ഇവരെല്ലാം കൂടി നാടിനെ വലിച്ചോണ്ട് പോകുന്നത്!" എന്നോർത്ത് കലി കേറി നടക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർന്ന വാർത്ത. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വാ തുറന്നിട്ടില്ല, പരീക്ഷ നടത്തിയവരെ പരിസരത്തെങ്ങും കാണാൻ പോലുമില്ല.
ബിഹാർ/വെസ്റ്റ് ബംഗാളിന്റെ പി എസ് സി പരീക്ഷകൾ, റെയിൽവെ റിക്രൂട്മെന്റ്, പോലീസ് റിക്രൂട്ട്മെന്റ് എന്ന് തുടങ്ങി കഴിഞ്ഞ വർഷങ്ങളിൽ ലീക് ആയതായി കണ്ടെത്തിയ ചോദ്യപേപ്പറുകൾക്ക് കൈയ്യും കണക്കുമില്ല. കോടിക്കണക്കിന് മനുഷ്യരുടെ ഭാവിയാണ് കട്ടപ്പുറത്തായത്. രണ്ട് വർഷം മുൻപ് നീറ്റ് ചോദ്യപേപ്പർ ലീക്കായി പ്രതിഷേധം നടന്നപ്പോൾ അന്നത്തെ ഡയറക്ടർ ജനറലിനെ നാഷണൽ ടെസ്റ്റിങ് ഏജൻസി സ്ഥാനം മാറ്റി. മേൽ പറഞ്ഞ സുബോധ് കുമാർ സിംഗ് എന്ന ഐഎഎസുകാരൻ ഇന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അതികഠിനവും ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷയായിപ്പോയി.
ഇന്നോ നാളെയോ ആയി ഇങ്ങനത്തെ 'അതിശക്തമായ' നടപടി വരുമായിരിക്കും. സർക്കാർ മുഖം രക്ഷിക്കും, അതിന് സംഘിക്കൂട്ടം ഹോയ് ഹോയ് വിളിക്കും. ചോദ്യപേപ്പർ ചോർന്നതിനെ സംബന്ധിച്ച് വരുന്ന എല്ലാ ചർച്ചയും കുളം കലക്കാൻ ഐടി സെൽ നക്കാപ്പിച്ച കൊടുത്ത വെട്ടുകിളിക്കൂട്ടം വരികയും ചെയ്യും. പയ്യേ, ഭൂമിയും വാനവും വായുവും വെള്ളവും അറിയാതെ വലിയ കസേരയിൽ ഉള്ളവർ രക്ഷിക്കപ്പെടും. ഭാവി പോയ നമ്മുടെ മക്കള് വല്ല കടുംകൈയും ചെയ്‌താൽ? അതിനിവിടെ പ്രസക്തിയില്ലല്ലോ.
പറമ്പ് വിറ്റ് ക്വോട്ടയിലും ഹൈദ്രബാദിലും ഡൽഹിയിലും നമ്മുടെ പാലയിലുമൊക്കെ അഡ്‌മിഷനെടുത്ത് പരീക്ഷ റിപ്പീറ്റും റീ-റിപ്പീറ്റും കൊടുത്ത്, ഊണും ഉറക്കവും കളഞ്ഞ് പരീക്ഷഭയത്തിന് മരുന്ന് കഴിച്ചും, സാമൂഹികജീവിതമോ സൗഹൃദങ്ങളോ പോലും ആവശ്യത്തിന് ഇല്ലാതെ ആയുസ്സിലെ വർഷങ്ങൾ കളഞ്ഞ യുവാക്കളോട് ഒരു സർക്കാർ പരീക്ഷ ഏജൻസി ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ദ്രോഹമാണിത്.
ബ്ലിങ്കിറ്റിന്റെ മഞ്ഞ ഡെലിവറി ബാഗിൽ നിന്ന് സാധനം എടുത്തു തന്നോണ്ടിരുന്ന അഞ്ച് മിനിറ്റിൽ എന്റെ പേരിന് മുന്നിലെ 'Dr' കണ്ട്, കണ്ണുകളിൽ നക്ഷത്രം കത്തിച്ചു വെച്ച് അജീത് അന്ന് നിറയെ സംസാരിച്ചതാണ് ഓർമ്മ വരുന്നത്. എങ്ങനെ പഠിക്കണം എന്ന്, എന്ത് ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കുമ്പോൾ അവന് എട്ട് കണ്ണും പതിനാറ് കാതുമായിരുന്നു. അന്ന് സാധനങ്ങളുമായി തിരിച്ച് വാതിൽപ്പടി കടക്കുന്നേരം ആ കുട്ടി ഉറക്കെ വിളിച്ച് പറഞ്ഞത് ഉള്ളിൽ തിളക്കുന്നു... "മാഡം, ഹം ഭി ഡോക്ടർ ബനേംഗേ" നാട് മുഴുവൻ മാറ്റൊലി കൊള്ളുന്ന ഇരുപത്തിരണ്ട് ലക്ഷം മക്കളുടെ ഇതേ വാക്കുകളാണ് കാതിൽ മാറ്റൊലി കൊള്ളുന്നത്. പരീക്ഷയുടെ പേരാണ് രസം, നീറ്റ്! വിദ്യാർത്ഥികളുടെ ഭാവി ഉൾപ്പെടെ ഒന്നും നീറ്റല്ല ഈ രാജ്യത്തെന്ന് ഡോ. ഷിംന കുറിച്ചു.
എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട 22 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയാണ് നീറ്റ് പരീക്ഷ റദാക്കിയതോടെ അനിശ്ചിതത്വത്തിലായത്. സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന വീഴ്‌ചകളും ചോദ്യപേപ്പർ ചോർച്ചയും നിരന്തര സംഭവമായിട്ടും കാര്യക്ഷമമായ ഒരിടപെടലും കേന്ദ്രസർക്കാരിന് നടത്താനായിട്ടില്ലെന്ന വിമർശനവും കടുക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം നാലാം തവണയാണ് നീറ്റ് ചോദ്യപേപ്പർ ചോരുന്നത്.
‘ഉൗഹ പേപ്പർ’ എന്ന പേരിൽ വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ കെമിസ്‌ട്രി, ബയോളജി വിഷയങ്ങളിലായി നാന്നൂറിലേറെ ചോദ്യങ്ങളാണ് വെള്ളക്കടലാസിൽ എഴുതിയ നിലയിൽ ഇത്തവണ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചത്. 2024ൽ ഉണ്ടായ ചോദ്യപേപ്പർ ചോർച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും കോടതി നടപടികൾക്കും കാരണമായിരുന്നു. 2016, 2021 വർഷങ്ങളിലും നീറ്റ് ചോദ്യപേപ്പർ ചോർന്നു. ഇനി ചോദ്യപേപ്പർ ചോർച്ചയുണ്ടാകില്ലെന്നും അതിനുള്ള നടപടികളെടുക്കുമെന്നും കോടതിക്ക് എൻടിഎ ഉറപ്പുനൽകി രണ്ട് വർഷം പൂർത്തിയാകുന്നതിന് മുന്നേയാണ് വീണ്ടും ചോർച്ച. കേന്ദ്രസർക്കാർ നടത്തുന്ന മറ്റ് പരീക്ഷകളും ഇപ്പോൾ സംശയനിഴലിലാണ്.










0 comments