print edition മൂന്നുമാസമായി ശമ്പളമില്ല; ഡിജിറ്റൽ സർവേയർമാർ ദുരിതത്തിൽ

പ്രതീകാത്മക ചിത്രം
തൃശൂർ: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ ജീവനക്കാർക്കും കരാറുകാർക്കും മൂന്നുമാസമായി ശമ്പളമില്ല. മാർച്ച് പകുതിയിലാണ് അവസാനമായി ശമ്പളം ലഭിച്ചത്. എൽഡിഎഫ് സർക്കാർ ഏപ്രിൽമുതൽ അഞ്ചുശതമാനം വേതന വർധന അനുവദിച്ചിരുന്നെങ്കിലും പുതിയ സർക്കാർ വന്നശേഷം ശന്പളംപോലും നൽകിയില്ല.
റീബിൽഡ് കേരളയിൽപ്പെടുത്തിയാണ് ഡിജിറ്റൽ സർവേയർമാർക്കും ഹെൽപ്പർമാർക്കും ശമ്പളം നൽകിയിരുന്നത്. ഓരോ സാന്പത്തിക വർഷത്തിലും പദ്ധതി പുതുക്കി ഉത്തരവിറക്കണം. ഇത്തവണ അതിന് യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. എൽഡിഎഫ് ഭരണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല.
ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്‌ത് ആധുനീകരിക്കുന്നതിന്റെ ഭാഗമായി 2022ലാണ് ഡിജിറ്റൽ റീ സർവേ ആരംഭിച്ചത്. സർവേയർമാരെയും ഹെൽപ്പർമാരെയും നടപടിക്രമങ്ങൾ പാലിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നിയമിച്ചു. 3700പേരെയാണ് നിയമിച്ചത്. സർവേയർമാർക്ക് 25540 രൂപയും ഹെൽപ്പർമാർക്ക് 19000 രൂപയുമാണ് ശമ്പളം.
ഇതിൽ അഞ്ചുശതമാനം വർധനയാണ് എൽഡിഎഫ് സർക്കാർ ശുപാർശ ചെയ്‌തിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ സർവേ വകുപ്പിന് 17 കോടി രൂപമാത്രമാണ് വകയിരുത്തിയിരിക്കുന്നത്.വർഷം ശന്പളത്തിനുമാത്രം 50 കോടി രൂപ വേണം.
സർവേ ആവശ്യങ്ങൾക്കായി കരാറുകാർക്ക് ഏർപ്പെടുത്തിയ കാറുകൾക്കും മൂന്നുമാസമായി വാടക കുടിശ്ശികയാണ്. ഡീസലിന്റെ പണവും ഡ്രൈവർമാരുടെ ശമ്പളവുമടക്കം നൽകാനായിട്ടില്ല.
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഡിജിറ്റൽ സർവേ ജീവനക്കാർ ബുധനാഴ്‌ച മുതൽ അനിശ്‌ചിതകാല പണിമുടക്ക് തുടങ്ങി. പണിമുടക്കിയ ജീവനക്കാർ തൃശൂരിൽ കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തി.










0 comments