സ്വകാര്യ ആപ്പുകളിൽ സമയം മാറ്റിയില്ല; ട്രെയിൻ കിട്ടാതെ യാത്രക്കാർ
ഡിജിറ്റൽ പെയ്‌മെന്റ് മതിയെന്ന് റെയിൽവേ ; നട്ടംതിരിഞ്ഞ് യാത്രക്കാർ

പാലക്കാട്
പാലക്കാട് ഡിവിഷനിലെ സ്‌റ്റേഷൻ കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ. ഡിജിറ്റൽ പെയ്‌മെന്റ് 60 ശതമാനമാക്കുക എന്ന ലക്ഷ്യത്തിലാണ് നടപടി.
ഡിജിറ്റൽ പെയ്‌മെന്റ് വർധിപ്പിക്കാതിരുന്നാൽ നടപടിയുണ്ടാകുമെന്ന് ജീവനക്കാര്‍ക്ക് വാക്കാലുള്ള മുന്നറിയിപ്പുമുണ്ട്. ഇതിന്റെ ഭാഗമായി കൗണ്ടറിൽ ടിക്കറ്റ് എടുക്കാനെത്തുന്നവർ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് യുപിഐ വഴി പണമടയ്‌ക്കണമെന്ന് ജീവനക്കാർ നിർബന്ധിക്കുകയാണ്. ഇതോടെ കൈയിൽ പണം കരുതി ടിക്കറ്റ് എടുക്കാൻ വരുന്നവർ കുടുങ്ങി. നിലവിൽ തങ്ങളുടെ കൈയിലുള്ള പണം കൗണ്ടറിൽ നിൽക്കുന്ന മറ്റാർക്കെങ്കിലും നൽകി ടിക്കറ്റ് അവരെകൊണ്ട് എടുപ്പിക്കേണ്ട അവസ്ഥയാണ്. മൊബൈൽ ചാർജ് തീരുകയോ നെറ്റ്‌വർക്ക് കിട്ടാതിരിക്കുകയോ ചെയ്‌താലും പ്രശ്‌നമാണ്. ഇനി യുപിഐ വഴി പണം അടച്ചത് ശരിയായില്ലെങ്കിൽ ഈ തുക അക്കൗണ്ടിലേയ്‌ക്ക് തിരിച്ചുവരാൻ മുന്നോ നാലോ ദിവസമെടുക്കുമെന്നതും യാത്രക്കാരുടെ ദുരിതം കൂട്ടുന്നു. ഇതുസംബന്ധിച്ച് പരാതി ഉയർന്നപ്പോൾ ഒരുദിവസം കർശന നിബന്ധന ഒഴിവാക്കിയെങ്കിലും പിന്നീട് തുടർന്നു. ദക്ഷിണ റെയിവേയുടെ മറ്റ് ഡിവിഷനുകളിലൊന്നുമില്ലാത്ത കടുംപിടുത്തമാണ് പാലക്കാടെന്ന് ജീവനക്കാരും പറയുന്നു. എംപിമാരുൾപ്പടെ ജനപ്രതിനിധികൾ പ്രശ്‌നത്തിൽ ഇടപെടണമെന്നും ഡിജിറ്റൽ പേയ്‌മെന്റിൽ കൂടുതൽ ബോധവത്കരണം വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
സ്വകാര്യ ആപ്പുകളിൽ സമയം മാറ്റിയില്ല; ട്രെയിൻ കിട്ടാതെ യാത്രക്കാർ
കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവിൽവന്നെങ്കിലും റണ്ണിങ് സ്‌റ്റാറ്റസ് അറിയിക്കുന്ന സ്വകാര്യ ആപ്പുകളിൽ ഇപ്പോഴും പഴയ സമയം.
ആപ്പു നോക്കി റെയിൽവേ സ്‌റ്റേഷനിലെത്തിയവർ ട്രെയിൻ കിട്ടാതെ വലഞ്ഞു. പകൽ 1.25-ന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെടാറുള്ള ഡൽഹി–നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) പുതിയ സമയപ്രകാരം രാവിലെ 10.30-നാണ് പുറപ്പെട്ടത്. ആപ്പിൽ 1.30ന് പുറപ്പെടുമെന്ന അറിയിപ്പാണുള്ളത്. സമയമാറ്റം ശ്രദ്ധിക്കാത്ത യാത്രക്കാർ ആപ്പു നോക്കി റെയിൽവേ സ്‌റ്റേഷനിൽ എത്തിയഗപ്പാൾ ട്രെയിൻ പോയിരുന്നു.
എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽനിന്ന് 26 ട്രെയിനുകളാണ് കൊങ്കൺവഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്നവയും ഇതിൽ ഉൾപ്പെടും. സമയമാറ്റം ഒക്ടോബർ 20 വരെയാണ്.
രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്–പുണെ എക്‌സ്‌പ്രസ് (22149) പുലർച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ചതോറുമുള്ള എറണാകുളം സൗത്ത്-അജ്‌മീർ മരുസാഗർ എക്‌സ്‌പ്രസ് (12977) രാത്രി 8.20-ന് പകരം രാത്രി 6.50-നാണ് പുറപ്പെടുന്നത്. നിരവധി ട്രെയിനുകളുടെ സമയത്തിൽ വ്യത്യാസം ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് ടിക്കറ്റ് ബുക്കുചെയ്‌തവർ സമയമാറ്റം വരുത്താത്ത ആപ്പു നോക്കി വെട്ടിലായി.









0 comments