സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി പൊതുജനാരോഗ്യ മേഖലയെ തകർക്കുന്നു: പിണറായി

തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂർവം തകർത്തുകൊണ്ട് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ മരുന്നുക്ഷാമം അനുഭവപ്പെടുകയാണ്. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന സർക്കാർ കൊടിയ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നത്.
പാരസെറ്റാമോളിനും ഐവി ഫ്ളൂയിഡിനും വരെ സർക്കാർ ആശുപത്രികളിൽ ക്ഷാമം നേരിടുകയാണ്. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകൾ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഈ സാമ്പത്തിക വർഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ ആശുപത്രികളിൽ എത്തിയിട്ടില്ല. ആന്റിബയോട്ടിക്കുകൾ, ഹൃദ്രോഗ മരുന്നുകൾ, അസിഡിറ്റിക്കുള്ള മരുന്നുകൾ, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ്. കൂടാതെ പനി, വേദന, അണുബാധ എന്നിവയ്ക്കുള്ള മരുന്നുകൾക്കൊപ്പം ഇഞ്ചക്ഷനുകൾക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ആശുപത്രികൾ വരെ മരുന്നുകളുടെ ലഭ്യതക്കുറവ് നേരിടുകയാണ്. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ വയോമിത്രം ഉൾപ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനെയും പാലിയേറ്റീവ് രോഗികളുടെ ചികിത്സയെയും മരുന്നുക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മരുന്ന് വിതരണ ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തലപ്പത്ത് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീ-ടെൻഡർ നടപടികൾ പൂർത്തിയാകാത്തതും സർക്കാർ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയും മരുന്നു സംഭരണം മനഃപൂർവം വൈകിപ്പിച്ചും സ്വകാര്യ ആശുപത്രികൾക്കു കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുകയാണ് യുഡിഎഫ് സർക്കാർ.
വൻകിട സ്വകാര്യ ആശുപത്രി ശൃംഖലകളിൽ നിന്നും മരുന്ന് കമ്പനി ഭീമന്മാരിൽ നിന്നും കോടികൾ തിരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയാണ് കോൺഗ്രസ്സ് അധികാരത്തിലെത്തിയത്. തങ്ങളെ സഹായിച്ച സ്വകാര്യ കുത്തകകളോടുള്ള പ്രത്യുപകാരമായാണ് ഈ സർക്കാർ കേരളത്തിലെ സർക്കാർ ആശുപത്രികളെ നോക്കുകുത്തികളാക്കി മാറ്റി സാധാരണക്കാരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്നത്. ഇടതുപക്ഷ സർക്കാരുകൾ കെട്ടിപ്പടുത്ത പൊതുജനാരോഗ്യ സംവിധാനത്തെ തകർത്ത് പാവപ്പെട്ടവന്റെ ചികിത്സാ അവകാശം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments