വീണ്ടും മന്ത്രി ശിവൻകുട്ടിയുടെ ചെക്ക് ! സമയവും സ്ഥലവും രാജീവ് ചന്ദ്രശേഖറിന്റെ സൗകര്യത്തിന് വിട്ടു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായുള്ള പരസ്യ സംവാദത്തിന് താൻ സജ്ജമാണെന്നും സ്ഥലവും തീയതിയും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും മന്ത്രി വി. ശിവൻകുട്ടി. സംവാദം എന്ന് വേണമെങ്കിലും നടത്താൻ താൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താൻ വരുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ സംവാദത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ പിന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖർ, ഇപ്പോൾ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കേ ലഭിക്കൂ എന്നും തനിക്ക് 'എ പ്ലസ്' കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു.
നേമത്തെ ബി.ജെ.പി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് താൻ എപ്പോഴും തയ്യാറാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
2016-ലെ ബിജെപി എംഎൽഎയുടെ കാലത്തെ വികസനവും 2021-ന് ശേഷം എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നാട്ടുകാർ വിലയിരുത്തട്ടെ എന്നാണ് മന്ത്രി ശിവൻകുട്ടിയുടെ നിലപാട്. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ നേമത്ത് വലിയ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേമത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന രാജീവ് ചന്ദ്രശേഖറിന്‍റെ ചോദ്യത്തിന് തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് അതിനൊന്നും സമയമില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ ആദ്യ മറുപടി. പിന്നീട്, മന്ത്രി വി ശിവന്‍കുട്ടിയുമായല്ല, മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.











0 comments