മിഹിറിന്റെ മരണം; പൊലീസിൽ പരാതി നൽകി പിതാവ്

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിന്റെ പിതാവ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പരാതി. മിഹിർ സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത് വളരെ സന്തോഷവാനായാണ്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. മിഹിർ സ്‌കൂളിൽ നിന്നും അപാർട്ട്മെൻ്റിൽ എത്തിയതിനു ശേഷവും മരണം നടക്കുന്നതിനും ഇടയിൽ എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്നും പ്രസ്‌തുത സമയം ആരെല്ലാം ആ അപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്നു എന്നും ഒന്നും വ്യക്തമല്ല. മകൻ്റെ മരണത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്നും മിഹിറിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ജനുവരി 15നാണ് തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ്(15) ആണ് ചോയ്സ് പാരഡൈസ് ഫ്ലാറ്റിന്റെ 26-ാം നിലയിൽനിന്ന് വീണ് മരിച്ചത്. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും മിഹിറിന്റെ അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നതെന്നും മിദിറിന്റഎ അമ്മ സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. മിഹിർ ആദ്യം പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിൽ ഹിൽപാലസ് പൊലീസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ തിങ്കളാഴ്‌ച മിഹിറിന്റെ മാതാപിതാക്കൾ, ഗ്ലോബൽ സ്‌കൂൾ അധികൃതർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.







0 comments