വ്യാപാരികളെയും റസ്റ്റോറൻ്റ് ഉടമകളെയും ലക്ഷ്യം വച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സ്റ്റാഫിനെ നൽകാം എന്ന് വാഗ്ദാനം ചെയ്ത് വ്യാപാരികളെയും ഹോട്ടൽ, റസ്റ്റോറൻ്റ് ഉടമകളെയും ലക്ഷ്യംവച്ച് പുതിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. വ്യാജ സ്റ്റാഫിങ് ഏജൻസികളുടെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പുകാർ വാട്‌സ്ആപ്പ് മുഖേന വ്യാപാരികളെ ബന്ധപ്പെടുന്നത്. 'SKAN Crew', 'SKAN നെക്സസ്' എന്നീ പേരുകൾ ഉപയോഗിച്ചാണ് നിലവിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് വാഗ്ദാനം നൽകുന്ന ഇവർ, വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകളും രേഖകളും ഉടമകൾക്ക് അയച്ചുനൽകും.
തുടർന്ന് അഡ്വാൻസ് ഫീസ്, യാത്രാ ചെലവ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടും. പണം കൈമാറിക്കഴിഞ്ഞാൽ വിവിധ കാരണങ്ങൾ പറഞ്ഞ് സേവനം വൈകിപ്പിക്കുകയും പിന്നീട് ഉടമകളുമായുള്ള ബന്ധം വിച്ഛേദിച്ച് മുങ്ങുകയുമാണ് ഇവരുടെ രീതി. ഏതെങ്കിലും ഏജൻസിയുമായി ഇടപഴകുന്നതിന് മുൻപ് അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്സൈറ്റ് എന്നിവ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. വിശ്വാസ്യത ഉറപ്പാക്കാതെ യാതൊരു കാരണവശാലും മുൻകൂട്ടി പണം നൽകരുത്.
തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ
www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.









0 comments