സിപിഐ എം സംസ്ഥാന സമ്മേളനം: കബഡിയാവേശത്തിൽ കായികോത്സവത്തിന് തുടക്കം


സ്വന്തം ലേഖകൻ
Published on Jan 26, 2025, 01:21 AM | 1 min read
കൊല്ലം: സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കായികോത്സവത്തിന് അഖിലേന്ത്യ കബഡി ടൂർണമെന്റോടെ തുടക്കം. കൊല്ലം പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡിയിൽ ആരംഭിച്ച ടൂർണമെന്റ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. ഐക്യകേരള രൂപീകരണശേഷം കായികതാരങ്ങൾക്ക് ഏറ്റവുമധികം ജോലി കൊടുത്തത് ഇടതുപക്ഷ സർക്കാരുകളാണെന്നും കായികരംഗത്ത് രാഷ്ട്രീയപാർടി എങ്ങനെ മാതൃകാപരമായി ഇടപെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം മത്സരങ്ങളെന്നും മന്ത്രി പറഞ്ഞു. വി ജോയി എംഎൽഎ മുഖ്യാതിഥിയായി. സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി വി സത്യൻ അധ്യക്ഷനായി. മുൻ ഇന്ത്യൻ കബഡി ടീം പരിശീലകൻ ജെ ഉദയകുമാർ സ്വാഗതവും ആർ എം ഷിബു നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജെ മേഴ്സിക്കുട്ടിഅമ്മ, സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, ജില്ലാ സ്പോര്‍ട്‌സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കെ സേതുമാധവൻ, എസ് ആർ അരുൺബാബു, രഞ്ജു സുരേഷ്, വി ജയപ്രകാശ്, ആർ ബിജു, വി ജയകുമാർ, എസ് അനിൽകുമാർ, ശ്രീകുമാർ പാരിപ്പള്ളി, എസ് ധർമപാലൻ, എം ഹരികൃഷ്‌ണൻ, എസ് സൂരജ് എന്നിവർ പങ്കെടുത്തു.
ടൂർണമെന്റിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും കോഴിക്കോട്, കോട്ടയം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള പുരുഷ ടീമുകളുണ്ട്. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ള വനിതാ ടീമുകളും പങ്കെടുക്കുന്നു. ഞായറാഴ്‌ച സമാപിക്കും. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്യും.









0 comments