നിലവാരമില്ല; അരിയിലും യുഡിഎഫ് ‘വിസ്‌മയം’

റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച ഒഎംഎസ്‌എസ് അരി

സായൂജ് ചന്ദ്രൻ
Published on Sep 20, 2026, 07:20 AM | 1 min read
പാലക്കാട് : യുഡിഎഫ് സർക്കാർ ഉത്സവകാലത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്‌തത് നിലവാരമില്ലാത്ത അരിയെന്ന് ഉപഭോക്താക്കൾ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം(ഒഎംഎസ്‌എസ്) പ്രകാരം 26 രൂപ നിരക്കിൽ നീല, വെള്ള കാർഡുടമകൾക്ക് 10 കിലോഗ്രാമും പിങ്ക് കാർഡുടമകൾക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്ന് കിലോഗ്രാം അധികവുമാണ് അരി നൽകിയത്. എന്നാൽ വിതരണം ചെയ്യുന്ന അരിക്ക് ഗുണമേന്മയില്ലെന്നാണ് പരാതി.
ഓണക്കാലത്താണ് എഫ്‌സിഐയിൽനിന്ന് ഡിപ്പോകളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും അരി എത്തിത്തുടങ്ങിയത്. വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ആശ്വാസമാകുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു വിതരണം. ഡിസംബർവരെ പദ്ധതി തുടരാനാണ് തീരുമാനം. എന്നാൽ ലഭിച്ചത് മുഴുവൻ ഗുണനിലവാരം കുറഞ്ഞ അരിയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഒറ്റ നോട്ടത്തിൽ അരിയുടെ നിലവാരമില്ലായ്മ ബോധ്യപ്പെടും. പാകം ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ വെന്ത് കുളമാകുമെന്നും ഇവർ പറയുന്നു. അരിയുടെ നിലവാരം കുറഞ്ഞതോടെ വിൽപ്പനയും കുത്തനെ കുറഞ്ഞതായി റേഷൻ വ്യാപാരികളും പറഞ്ഞു. ആഗസ്തിൽ ഒരു കടയിൽ 21 ക്വിന്റൽവരെ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്.
അരി വിറ്റുപോയാലും ഇല്ലെങ്കിലും 30നകം തുക സർക്കാരിലേക്ക് അടയ്ക്കണമെന്നതിനാൽ വൻ നഷ്ടമാണ് കച്ചവടക്കാരെ കാത്തിരിക്കുന്നത്. പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. സിവിൽ സപ്ലൈസ് വകുപ്പും വിഷയത്തിൽ ഇടപെട്ടില്ല. എൽഡിഎഫ് സർക്കാർ കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ നൽകിയിരുന്ന അരിയാണ് യുഡിഎഫ് സർക്കാർ 26 രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നും വ്യാപാരികൾ പറയുന്നു.









0 comments