print edition മുണ്ടക്കൈ വീട് നിർമാണം ; വീണ്ടും തീയതി മാറ്റി കോൺഗ്രസ്

കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമാണത്തിൽ വീണ്ടും തീയതി മാറ്റി കോൺഗ്രസ്. ജനങ്ങളിൽനിന്ന് പണംപിരിച്ച് ദുരന്തബാധിതരെ വഞ്ചിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്ക് 14ന് രജിസ്‌ട്രേഷൻ നടത്തി പ്രവൃത്തി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ജനുവരി പത്തിന് നിർമാണം ആരംഭിക്കുമെന്ന ടി സിദ്ദീഖ് എംഎൽഎയുടെ വാഗ്‌ദാനം നടപ്പാകില്ലെന്ന് ഉറപ്പായതോടെയാണ് വെള്ളിയാഴ്‌ച വാർത്താസമ്മേളനം വിളിച്ച് പുതിയ തീയതി അറിയിച്ചത്.
കോൺഗ്രസ് സ്ഥാപിതദിനമായ ഡിസംബർ 28ന് ഭവനപദ്ധതിക്ക് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച ടി സിദ്ദിഖ് എംഎൽഎ വാക്കുമാറ്റി പത്തിന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ കെപിസിസി പ്രസിഡന്റിന്റെ പേരിൽ 14ന് സ്ഥലം രജിസ്റ്റർ ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം. മേപ്പാടി പഞ്ചായത്തിൽ 3.24 ഏക്കറാണ് വാങ്ങുന്നതെന്നും ടി ജെ ഐസക്ക് പറഞ്ഞു. പഞ്ചായത്തിൽ എവിടെയാണ് ഭൂമിവാങ്ങുന്നതെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ പലവട്ടം തീയതി മാറ്റിയിരുന്നു. വീട് നിർമാണത്തിന് ‘കട്ട് ഓഫ് ഡേറ്റില്ല’ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിങ്കളാഴ്‌ച ബത്തേരിയിലെ കെപിസിസി നേതൃക്യാമ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.









0 comments