സ്ത്രീവിരുദ്ധതയുടെ മൂർത്തീ ഭാവം
യുഡിഎഫേ... പെണ്ണിനെന്താണ് കുഴപ്പം...?


സൗമ്യ സി എം
Published on Mar 26, 2026, 05:22 PM | 3 min read
തിരുവനന്തപുരം: യുഡിഎഫിൽ കത്തിയെരിയുന്നത് തമ്മിൽ തല്ലുകളും കുതികാൽ വെട്ടലുകളും മാത്രമല്ല, കടുത്ത സ്ത്രീ വിരുദ്ധത കൂടിയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കായംകുളം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയ്ക്ക് നേരെയുള്ള മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശം. വാക്ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വിൽപന നടത്തിയാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും കൂടിയായ ഇർഷാദ് ചക്കാലശ്ശേരി പറഞ്ഞത്.
പത്രസമ്മേളനത്തിനിടെ വിതുമ്പുന്ന യു പ്രതിഭ
പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്ന സ്ത്രീ അധിക്ഷേപിക്കാൻ യുഡിഎഫ് കച്ചകെട്ടി ഇറങ്ങുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുൻപും ഇവരുടെ സ്ത്രീവിരുദ്ധതയുടെ ഇരുണ്ട കണ്ണുകൾ സ്ത്രീകൾക്ക് മേലെ ആഴത്തിൽ പതിച്ചിട്ടുണ്ട്. പി കെ ശ്രീമതി, കെ കെ ശൈലജ, വീണ ജോർജ്, കെ ജെ ഷൈൻ ഇവരെല്ലാം കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയുടെ ആഴം അറിഞ്ഞവരാണ്. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ചുള്ള നീചമായ ആക്രമണമാണ് പി കെ ശ്രീമതി നേരിട്ടത്.
സൈബർ ആക്രമണത്തിന് യുഡിഎഫ് നേതൃത്വം നൽകിയ പിന്തുണ പകൽ പോലെ വ്യക്തമാണ്. 'പിപിഇ കിറ്റ് കള്ളി' എന്ന് വിളിച്ചാണ് യുഡിഎഫ് നേതാക്കൾ കെ കെ ശൈലജയെ ഒന്നടങ്കം അധിക്ഷേപിച്ചത്. കൊവിഡ് വ്യാപന കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വഴി ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ കെ കെ ശൈലജയെ താറടിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു യുഡിഎഫിന് മുൻപിൽ ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും യുഡിഎഫിനെ അലോസരപ്പെടുത്തി.
കെ കെ ശൈലജ
മുസ്ലിം ലീഗ് നേതാവായ കെ എം ഷാജി നിയമസഭയിൽ 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ' എന്ന പ്രസംഗത്തിൽ കെ കെ ശൈലജ തിരിച്ചു ചോദിച്ചത് 'പെണ്ണാണെങ്കിൽ എന്താണ് കുഴപ്പം' എന്നാണ്. ഈ മറുപടി ഏറെ സ്വീകാര്യത നേടിയിരുന്നു. ഇതും ശൈലജയ്ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ സ്ത്രീവിരുദ്ധത മാത്രം കൈമുതലുള്ള യുഡിഎഫിനെ പ്രേരിപ്പിച്ചു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ എന്ന പൊതു പ്രവർത്തകയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ചർച്ചയാക്കുന്നതിന് പകരം ജമാഅത്തെ ഇസ്ലാമി അടുക്കളയിൽ വേവിച്ചെടുത്ത വെറുപ്പും അപരമത വിദ്വേഷവും അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രചാരണവുമാണ് യുഡിഎഫ് ഏറ്റുപിടിച്ചത്.
ഇന്നും ശൈലജ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പുകൾക്കടിയിൽ വരുന്ന പ്രതികരണങ്ങളെല്ലാം യുഡിഎഫിന്റെ അടിയുറച്ച സ്ത്രീവിരുദ്ധതയിലേയ്ക്ക് ആണ് വിരൽ ചൂണ്ടുന്നത്. കെ കെ ശൈലജയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിന്റെ ഇരയായത് രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യ മന്ത്രിയായ വീണാ ജോർജ് ആണ്. കേരളത്തിലെ ആരോഗ്യ രംഗത്തെ വളർച്ചയും മികവും തന്നെയാണ് വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിന് അടിസ്ഥാനം. കോൺഗ്രസിനാൽ നേരിട്ടും ആക്രമിക്കപ്പെട്ടിട്ടുള്ള പൊതുപ്രവർത്തക കൂടിയാണ് വീണാ ജോർജ്. ഭയപ്പെടുത്തിയാൽ സ്ത്രീ മൂലയിൽ ഒതുങ്ങി ഇരിക്കും എന്ന ആണത്ത മേൽക്കോയ്മയുടെ ചിന്താഗതിയുടെ ഭാഗം കൂടിയാണ് ഇത്.
വീണാ ജോര്‍ജ്
എല്ലാ ആക്രമണങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ പെൺതരിയാണ് വീണാ ജോർജ്. പൊരുതി തോൽപ്പിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അസാധ്യം. കെ ജെ ഷൈനിനെതിരായ ആക്രമണങ്ങളും സമാനമാണ്. കേട്ടാലറയ്ക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞ അശ്ലീലം നിറഞ്ഞ ആക്രമണമാണ് ഷൈനിനെതിരായി യുഡിഎഫ് നടത്തിയത്. വികസനം പറയാനോ, നേട്ടം പറയാനോ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഇത്രയും നീചമായ പ്രവർത്തി.
കെ ജെ ഷൈന്‍
പൊതുപ്രവർത്തന രംഗത്ത് മാത്രമല്ല, സ്വന്തം പാർടിക്ക് അകത്ത് നിൽക്കുന്ന യുഡിഎഫ് വനിതകൾക്ക് പോലും നേതൃത്വത്തിന്റെ സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നു എന്നതാണ് വസ്തുത. പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന്റെ പേരിൽ യുഡിഎഫ് എംഎൽഎ ഉമ തോമസ് നേരിട്ടതിന് സമാനതകളില്ലാത്ത സൈബർ ആക്രമണ്. കേട്ടാലറയ്ക്കുന്ന പ്രതികരണങ്ങളാണ് സഹപ്രവർത്തകരിൽ നിന്ന് ഉമ തോമസ് നേരിട്ടത്.
കൂടാതെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടികൾ നേരിട്ടത് അതിലും ഭീകരമായ സൈബർ ആക്രമണമാണ്. ആണധികാരമാണ് യുഡിഎഫ് നേതൃത്വത്തിൽ അടിമുടി കാണാൻ സാധിക്കുക എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ പകൽ പോലെ വ്യക്തമാണ്. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ ജയിലിൽ കിടന്ന കോൺഗ്രസ് നേതാവാണ് കോവളം എംഎൽഎയായ എം വിൻസെന്റ്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. ജയിലിൽ കിടന്ന് തിരിച്ചെത്തിയ വിൻസെന്റിനെ മാലയിട്ടാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.
തെറ്റുകാരനായി തുടരുമ്പോൾ വിൻസെന്റിന്റെ രാജി വേണമെന്ന് യുഡിഎഫ് വനിതാ നേതാക്കൾ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതെല്ലാം യുഡിഎഫിലെ സ്ത്രീവിരുദ്ധതയുടെ ആഴത്തിന്റെ നേർചിത്രം നൽകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിയും പീഡന കേസിലെ പ്രതിയാണ്. ഇവരെല്ലാം ഇപ്പോഴും നേതൃത്വത്തിലും പദവികളിലും തുടരുകയും ചെയ്യുന്നു. യുഡിഎഫിന്റെ സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. വിമോചന സമരകാലത്തും കോൺഗ്രസും കൂട്ടാളികളും വിളിച്ച മുദ്രാവാക്യങ്ങളും ശക്തമായ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു.










0 comments