കോൺഗ്രസ് വായ്‌പാ തട്ടിപ്പ്: സമരം തുടങ്ങി ജീവനൊടുക്കിയ കർഷകന്റെ കുടുംബം

പുൽപ്പള്ളി: കോണ്‍ഗ്രസ് ഭരിക്കുന്ന പുൽപ്പള്ളി സഹകരണ ബാങ്കിന്റെ വായ്‌പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ കുടുംബം ബാങ്കിനുമുന്നിൽ സമരം ആരംഭിച്ചു. രാജേന്ദ്രൻ നായരുടെ എൺപത്തിയൊമ്പതുകാരനായ അച്ഛൻ ശ്രീധരൻ നായർ, രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ, മക്കളായ ശ്രീജിത്ത്, രാംജിത്ത് എന്നിവരാണ് വെള്ളി വൈകിട്ട് അഞ്ചോടെ ബാങ്കിലുള്ള സ്ഥലത്തിന്റെ ആധാരം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത്.
2023 മെയ് 29നാണ് പുൽപ്പള്ളി കേളക്കവല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ (60) ജീവനൊടുക്കിയത്. ആകെയുള്ള 70 സെന്റ് പണയപ്പെടുത്തി 70,000 രൂപ വായ്‌പയെടുത്തു. കോൺഗ്രസ് നേതാക്കൾ രാജേന്ദ്രൻ നായരറിയാതെ സ്ഥലത്തിന്റെ ആധാരം ഈടാക്കി 24,30,000 രൂപ തട്ടി. 35 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് അറിഞ്ഞത്.
ലക്ഷങ്ങളുടെ ബാധ്യത വന്ന രാജേന്ദ്രൻ നായർ നീതിക്കായി കോൺഗ്രസ് നേതാക്കളുടെ വീട്ടുപടിക്കൽ അലഞ്ഞ് ഒടുവിൽ ജീവനൊടുക്കി.
കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെയായിരുന്നു വായ്‌പാ തട്ടിപ്പ്. 38 കർഷകർ ഇരകളായി. 7.62 കോടി രൂപ തട്ടിയെടുത്തു. വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ അബ്രഹാം ഒന്നരമാസത്തോളം റിമാൻഡിലായി. ഇഡി എടുത്ത കേസിലും ജയിലിലായി. വായ്‌പാ തട്ടിപ്പിൽ വിജലൻസ് കേസിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. അബ്രഹാം ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കളാണ് പ്രതികൾ. രാജേന്ദ്രൻ നായരുടെ കുടുംബത്തിന്റെ ബാധ്യത ഇപ്പോൾ 65 ലക്ഷത്തോളമായി. സമരത്തിൽ അവശനിലയിലായ ശ്രീധരൻ നായരെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി.









0 comments