ad
Deshabhimani

ജോലി വാഗ്‌ദാനം ചെയ്ത് കോൺഗ്രസ്‌ നേതാവ്‌ 27.5 ലക്ഷം രൂപ തട്ടിയെടുത്തു

N A Sabu

എൻ എ സാബു

വെബ് ഡെസ്ക്

Published on Feb 28, 2026, 08:38 AM | 1 min read

തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ മക്കൾക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോൺഗ്രസ്‌ നേതാവും യുഡിഎഫ്‌ വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാനും കോലഴി പഞ്ചായത്ത്‌ പ്രസിഡന്റുമായ എൻ എ സാബു 27.5 ലക്ഷം രൂപ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ്‌ ഭരിക്കുന്ന തൃശൂർ അർബൻ ബാങ്കിലും ഇരിങ്ങാലക്കുട ട‍ൗൺ കോ–ഓപ്പറേറ്റീവ്‌ ബാങ്കിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌.


മകനും മകള്‍ക്കും ജോലി വാഗ്‌ദാനം നൽകിയാണ് പണം തട്ടിച്ചെടുത്തതെന്ന് തൃശൂർ അഞ്ചേരി ആശീർവാദ്‌ ലൈനിൽ എലുവത്തിങ്കൽ ഒ‍ൗസേപ്പ്‌ പറഞ്ഞു. സാബുവിന്റെ ബാങ്ക്‌ അക്ക‍ൗണ്ടിലേക്കും ഗുഗിൾ പേ ആയും ആറര ലക്ഷം രൂപയും കറൻസിയായി 21 ലക്ഷം രൂപയുമാണ്‌ 2021 ജൂലൈ ഒമ്പത് മുതൽ 2023 മാർച്ച്‌ 29 വരെയുള്ള കാലഘട്ടത്തിൽ നൽകിയത്‌. ജോലി ലഭിക്കാതെ വന്ന്‌ പണം തിരികെ ചോദിച്ചപ്പോള്‍ മർദിച്ചു. തുടർന്ന് വിയ്യൂർ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. പണം തിരികെ നൽകാമെന്ന്‌ സ്‌റ്റേഷനിൽ ഒത്തുതീർപ്പുണ്ടാക്കി. രണ്ട്‌ തവണ അന്പതിനായിരം രൂപ വീതം ഗുഗിൾ പേ വഴി നൽകി. ബാക്കി പണത്തിന് സാബു നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങി. ചെക്ക്‌ മടങ്ങിയതിൽ സാബുവിനെതിരെ ജൂഡിഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുന്നിൽ ഒ‍ൗസേപ്പ്‌ നൽകിയ കേസ്‌ നടന്നുവരുന്നു.


കോൺഗ്രസ്‌ നേതാക്കാളായ ടി എൻ പ്രതാപൻ, അനിൽ അക്കര, ജോസ്‌ വള്ളുർ, തേറന്പിൽ രാമകൃഷ്‌ണൻ എന്നിവരോട്‌ പരാതി പറഞ്ഞെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ്‌ പണം നൽകിയത്‌. ഒ‍ൗസേപ്പിന്റെ ബന്ധുകൂടിയായ എൻ എ സാബു കേരള ബാങ്ക്‌ ചെറുതുരുത്തി ശാഖയിലെ ബിൽ കലക്‌ടറായിരുന്നു. വാർത്താ സമ്മേളനത്തിൽ ഭാര്യ ലീനയും പങ്കെടുത്തു.

Highlights: കോൺഗ്രസ്‌ ഭരിക്കുന്ന തൃശൂർ അർബൻ ബാങ്കിലും ഇരിങ്ങാലക്കുട ട‍ൗൺ കോ–ഓപ്പറേറ്റീവ്‌ ബാങ്കിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home