ലൈംഗിക ചൂഷണം, ഗുണ്ടായിസം, ജോസിന്റെ ശക്തി ലഹരിക്കടത്ത് സംഘം

ജോസ് ഫ്രാങ്ക്‌ളിൻ
തിരുവനന്തപുരം: സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും വീടുകളിലെത്തി അസഭ്യവർഷം നടത്തുകയും ചെയ്യുന്ന നെയ്യാറ്റിൻകര നഗരസഭയിലെ യുഡിഎഫ് കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്‌ളിന് സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ് നേതാക്കൾ. ജോസിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ക്രിമിനൽ സംഘം പ്രവർത്തിക്കുന്നുണ്ടത്രേ. ഇൗ സംഘത്തെ വിവിധ ആവശ്യങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ജോസിനെ ഒളിവിൽകഴിയാനുൾപ്പെടെ സഹായിച്ച് സംരക്ഷിക്കുന്നതെന്നാണ് ആരോപണം.
മാരക മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘത്തെ ജോസ് സഹായിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനങ്ങളെ ജോസോ സഹോദരങ്ങളോ ഇടപെട്ട് തടയാറുണ്ടത്രേ. ജോസിനെതിരെയും സംരക്ഷണമൊരുക്കുന്ന നേതാക്കൾക്കെതിരെയും ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.
ഭീഷണി ദൃശ്യങ്ങൾ പുറത്ത്
നെയ്യാറ്റിൻകര പെരുമ്പഴുതൂരിലെ വീട്ടമ്മയുടെ മരണത്തിന് കാരണക്കാരനായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിന്റെ ഗുണ്ടായിസത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. വൻ പലിശയ്ക്ക് പണം നൽകുകയും തുടർന്ന് ആളുകളെ വീട്ടിൽ കയറി വിരട്ടുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്. ക്രിമിനൽ സംഘങ്ങളെ കൂട്ടുപിടിച്ചാണ് ഭീഷണി. ഒരുമാസത്തിനകം വീടും വസ്തുവും എഴുതിത്തരാൻ തയ്യാറാണോയെന്ന് ചോദിച്ച് സ്ത്രീകളെയുൾപ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. നിർവാഹമില്ലാതെ പലരും വീടും സ്ഥലവും ജോസ് ഫ്രാങ്ക്ളിന് എഴുതി നൽകിയതായും വിവരങ്ങളുണ്ട്.
2020ൽ നെയ്യാറ്റിൻകര സ്വദേശിയായ മറ്റൊരു യുവതിയുടെ മരണത്തിലും ജോസിന് പങ്കുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ഡിസിസി നിയമിച്ച അന്വേഷണ കമീഷനും ജോസിനെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തി. കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന റിപ്പോർട്ടും കൈമാറി. തലസ്ഥാനത്തെ ഒരു ഉന്നത കോൺഗ്രസ് നേതാവ് അന്നത്തെ കെപിസിസി പ്രസിഡന്റിനെ സ്വാധീനിച്ചാണ് റിപ്പോർട്ട് പൂഴ്‌ത്തിയത്. ജോസിന് അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന പരാതികളാണ് അന്നുയർന്നത്.
ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതുകൊണ്ടാണ് ജോസിന് സംരക്ഷണവും പദവികളും ലഭിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അതുകൊണ്ടുതന്നെ ഇയാളെ എതിർത്തുപറയാനോ പുറത്താക്കണമെന്ന് ആവശ്യപ്പെടാനോ മറ്റ് നേതാക്കൾ തയ്യാറാകുന്നുമില്ല. കോൺഗ്രസ് നേതാക്കളുടെ സംരക്ഷണയിൽ ഒളിവിൽ കഴിയുന്ന ജോസ് ഫ്രാങ്ക്ളിനെ അറസ്റ്റ് ചെയ്യുമെന്നാവശ്യപ്പെട്ട് സിപിഐ എമ്മും ഡിവൈഎഫ്ഐയും മഹിളാസംഘടനകളും പ്രതിഷേധത്തിലാണ്.









0 comments