ജനവിധിയെ പരിഹസിച്ച് കോൺഗ്രസ്
print edition ആഴ്ചയൊന്ന് മൂന്നിലാര്

തിരുവനന്തപുരം: ജനവിധിയെത്തി ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ നിശ്‌ചയിക്കാനാകാതെ കോൺഗ്രസ്. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുമായി കെ സി വേണുഗോപാലും സീനിയർ നേതാവെന്ന വാദമുയർത്തി രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവെന്ന തുറുപ്പുചീട്ടുമായി വി ഡി സതീശനും ഇഞ്ചോടിഞ്ച് പൊരുതുകയാണ്. ഘടകകക്ഷികളും വിഷയത്തിൽ ഇടപെട്ടത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. സോണിയാഗാന്ധിയുടെ പേരിലാകും ഇനി അന്തിമ തീരുമാനമെത്തുക.
കഴിഞ്ഞദിവസം ഡൽഹിയിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും നേതാക്കളുമായി മൂന്നുമണിക്കൂർ നടത്തിയ മാരത്തൺ ചർച്ചയിൽ ആകെ തീരുമാനമായത്, ഫ്ലക്സ് ബോർഡുകൾ നീക്കാൻ മാത്രമാണ്. ഡൽഹി ചർച്ച കഴിഞ്ഞ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്‌ചയിക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞപ്പോൾ സതീശനും ചെന്നിത്തലയും പ്രതികരിച്ചില്ല. ഹൈക്കമാൻഡ് തീരുമാനമെന്താകുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. അതേസമയം എന്ത് തീരുമാനമെടുക്കുമെന്നതിൽ ഹൈക്കമാൻഡിന് വ്യക്തതയില്ല. രണ്ടരവർഷം വീതം ഫോർമുലയും ആലോചനയിലുണ്ട്. തിങ്കളാഴ്‌ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
എംഎൽഎമാരിൽ പലരും വേണുഗോപാൽ പക്ഷത്തേക്ക് മാറിയത് സതീശനെ ഞെട്ടിച്ചിട്ടുണ്ട്. വിജയശിൽപി എന്ന മാധ്യമപ്രചാരണത്തിലും ഘടകക്ഷികളുടെ പിന്തുണയിലുമാണ് സതീശന്റെ പ്രതീക്ഷ. ഭൂരിപക്ഷം എംഎൽഎമാരും വേണുഗോപാലിനൊപ്പമാണെന്ന വിവരം പുറത്തുവന്നതോടെ സതീശന് പിന്തുണയുമായി ബോർഡുകൾ സ്ഥാപിക്കാനും പ്രകടനങ്ങൾക്കും അണികൾ മുന്നിട്ടിറങ്ങി. ഇതിനെ നിമിഷങ്ങൾക്കകം പിആർ ഏജന്റുമാരെ ഉപയോഗിച്ച് വേണുഗോപാൽ പക്ഷം നേരിട്ടു. സതീശൻ മംഗളൂരുവിൽ എൻഡിഎ നേതാവിന്റെ സാന്നിധ്യത്തിൽ അദാനി ഗ്രൂപ്പ് എംഡിയെ സന്ദർശിച്ചത് വീണ്ടും വിവാദമായത് ഇതിനുപിറകെയാണ്.
കർണാടക കോൺഗ്രസിൽനിന്ന് സതീശനെതിരെ എഐസിസിക്ക് പരാതി പോയതായും റിപ്പോർട്ടുണ്ട്. മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുടെ സമ്മർദ്ദത്താൽ സതിശൻ മുഖ്യമന്ത്രിയാകുന്നത് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നും നേതൃത്വം കരുതുന്നു.










0 comments