print edition രമ്യ ഹരിദാസിനെ സംരക്ഷിച്ച് കോൺഗ്രസും പൊലീസും


സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:00 AM | 1 min read
തിരുവനന്തപുരം : അനധികൃത പണപ്പിരിവ് ചോദ്യംചെയ്‌ത കോൺഗ്രസ് നേതാക്കളെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ സംരക്ഷിച്ച് കെപിസിസി നേതൃത്വവും പൊലീസും. എംഎൽഎയുടെ മർദനമേറ്റ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെയും എംഎൽഎയ്‌ക്കൊപ്പം ആക്രമണം നടത്തിയ കെപിസിസി അംഗം പാളയം പ്രദീപിനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. എന്നാൽ, സജാദിന്റെ വീട്ടിൽ ഗുണ്ടകളുമായെത്തി അതിക്രമം കാണിച്ച എംഎൽഎക്കെതിരെ നടപടിയില്ല.
ആക്രമണം അന്വേഷിക്കാൻ എം എം ഹസന്റെ നേതൃത്വത്തിൽ കെപിസിസി സമിതിയെ നിയോഗിച്ചിരുന്നു. ഞായറാഴ്‌ച സജാദ്, പാളയം പ്രദീപ് തുടങ്ങിയവരെ കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് നടപടിയെടുത്തത്. എന്നാൽ, എംഎൽഎ വിശദീകരണം നൽകാൻ എത്തിയില്ല. ഡൽഹിയിലായതിനാൽ വരാനാകില്ലെന്നറിയിച്ചെന്നും ഫോണിലൂടെ വിശദീകരണം നൽകിയെന്നും എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളി രാത്രി പത്തോടെയാണ് രമ്യയും ഗുണ്ടകളും സജാദിന്റെ ചിറയൻകീഴ് പുളിമൂട്ടിലെ വീട് കയറി ആക്രമിച്ചത്. മർദിച്ചെന്നാരോപിച്ച് എംഎൽഎ പൊലീസിന് പരാതി നൽകിയശേഷം ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎയുടെ പരാതിയിൽ 14 പേർക്കെതിരെ പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും തടയുന്ന നിയമത്തിലെ വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ് ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ്. വീട്ടിൽക്കയറി മർദിച്ചതിനെതിരെ സജാദും ഭാര്യയും നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയ്‌ക്കെതിരെ കേസെടുക്കരുതെന്ന് സർക്കാർ നിർദേശിച്ചതായാണ് വിവരം.








0 comments