നായയുടെ ആക്രമണത്തിൽ നാലുവയസുകാരന്റെ മുഖത്ത് ഗുരുതര പരിക്ക്

ഒദുക്കുങ്ങൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചു. കുട്ടിയുടെ മുഖത്തും തലയിലും ഗുരുതര പരിക്കേറ്റു. ഒദുക്കുങ്ങൽ നൊട്ടനാലുകൽ ദിനേഷിന്റെ മകൻ അവ്യൂക്ത ഇവാനാണ് തെരുവുനായയുട കടിയേറ്റത്. ഞായറാഴ്ച രാവിലെ പത്തോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നായ ആക്രമിച്ചത്.
കുട്ടിയെ നായ കടിക്കുന്നത് കണ്ട് രക്ഷപ്പെടുത്തുന്നതിനിടെ അച്ഛൻ ദിനേഷിനും നായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും തലയിലും സാരമായ പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. ദിനേഷിന് മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽനിന്ന് പേവിഷ പ്രതിരോധ കുത്തിവയ്പും നൽകി.
ഇതേ ദിവസം നൊട്ടനാലുകൾ പ്രദേശത്ത് മറ്റു രണ്ടുപേരെയും നായ കടിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് അറവുശാല മാലിന്യം ഉൾപ്പെടെയുള്ളവ അലക്ഷ്യമായി നിക്ഷേപിക്കുന്നത് തെരുവുനായ്ക്കൾ പെരുകാൻ കാരണമാകുന്നതായും നാട്ടുകാർ ആരോപിച്ചു. നായശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും മാലിന്യനിക്ഷേപം നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments