print edition സണ്ണി ജോസഫിന്റെ മകളുടെ ബാങ്ക് നിയമനം: വ്യാജ സർട്ടിഫിക്കറ്റ് ചമച്ചെന്ന് പരാതി

സണ്ണി ജോസഫ്

സ്വന്തം ലേഖകൻ
Published on Apr 05, 2026, 12:00 AM | 1 min read
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ മക ൾ, നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി ഡിജിപിക്ക് പരാതി. കോഴിക്കോട് കാരശേരി സർവീസ് സഹകരണ ബാങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയത്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ചട്ടങ്ങൾ ലംഘിച്ചാണ് നിയമനമെന്നാരോപിച്ച് കാരശേരി സ്വദേശി കെ മസൂദാണ് സണ്ണി ജോസഫ്, മകൾ ആശാ റോസ് എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. 2017-– ലെ സഹകരണവകുപ്പ് ഉത്തരവുപ്രകാരം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കണ്ണൂരിലെ മിറ്റ്കോ എന്ന സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റാണ് ആശാ റോസ് ഹാജരാക്കിയത്.
സണ്ണി ജോസഫിന്റെ അർധസഹോദരനും കോൺഗ്രസ് നേതാവുമായ അഡ്വ. ജെയ്‌സൺ തോമസ് മാനേജിങ് ഡയറക്ടറായ സ്ഥാപനത്തിന്റെ ലെറ്റർ പാഡും സീലും കൃത്രിമമായി നിർമിച്ചാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ആശാ റോസ് സ്ഥാപനത്തിൽ ജോലി ചെയ്തിട്ടില്ലെന്ന് മിറ്റ്‌കോ അധികൃതർ വെളിപ്പെടുത്തിയതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്ന കാരശേരി ബാങ്കിൽ 2014 ആഗസ്‌തിലാണ് ആശാ റോസ് പ്യൂണായത്. ചട്ടങ്ങൾ പാലിക്കാതെയും സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയും അറ്റൻഡറായും ഡാറ്റ എൻട്രി ഓപ്പറേറ്ററായും അതിവേഗം സ്ഥാനക്കയറ്റം നൽകി. ബാങ്കിൽ ജോലിയിൽ പ്രവേശിച്ചശേഷം 2014 നും 2017 നും ഇടയിൽ ഇവർ മിറ്റ്‌കോയിൽ ജോലിചെയ്യുകയോ അവധിയെടുത്ത് മറ്റെവിടെയെങ്കിലും ജോലി പരിചയം നേടുകയോ ചെയ്തിട്ടില്ല.
2017 ആഗസ്‌തിൽ ആശാ റോസിന് സ്ഥാനക്കയറ്റം നൽകുമ്പോൾ ബാങ്കിന്റെ ഫീഡർ കാറ്റഗറി ഉപ നിബന്ധനയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ഉൾപ്പെട്ടിരുന്നില്ല. 2021-–ആഗസ്‌തിലാണ് ജോയിന്റ് രജിസ്‌ട്രാർ ബാങ്കിന്റെ പുതുക്കിയ ഫീഡർ കാറ്റഗറിക്ക് അംഗീകാരം നൽകുന്നത്. അതിനുമുമ്പ് പ്രസ്‌തുത തസ്‌തികയിലെ ഒഴിവ് സ്ഥാനക്കയറ്റത്തിലൂടെ നികത്താൻ നിയമം അനുവദിക്കുന്നില്ല. അപേക്ഷ വാങ്ങി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി നിയമനം നൽകേണ്ട തസ്‌തികയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലി സമ്പാദിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. ബാങ്കിൽ ഭരണമാറ്റം ഉണ്ടായപ്പോഴാണ് ക്രമക്കേടുകൾ പുറത്തുവന്നത്.










0 comments