തെക്കൻ കേരളത്തിലെ കോഫീ ഹൗസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: കോൺഗ്രസ്, ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ തെക്കൻ കേരളത്തിലെ കോഫീഹൗസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ 2023–24 സാമ്പത്തിക വർഷത്തിലെ അറ്റനഷ്ടം 37. 57 കോടിയാണ്, സംഘത്തിന്റെ കടബാധ്യത 64.5 കോടിയും. ജീവനക്കാരുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക മാത്രം 2024 സെപ്‌തംബർ വരെ 27.58 കോടിക്ക് മുകളിലാണ്.
ഭരണസമിതിയുടെ സാമ്പത്തിക തിരിമറി കാരണമുണ്ടായ കുടിശ്ശികമൂലം ജീവനക്കാർക്ക് ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനുള്ള ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ ഇപിഎഫ്‌ഒ നിരസിച്ചു. വിരമിച്ച നൂറിൽപ്പരം ജീവനക്കാർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല. ഇൗ യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ് നിയമനത്തിന് വ്യവസായ വകുപ്പ് അനുമതി നൽകുന്നില്ല എന്ന വാസ്‌തവമില്ലാത്ത വാർത്ത മനോരമ നൽകിയത്.
കണ്ണൂർ ആസ്ഥാനമായുള്ള കോഫീ ഹൗസുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് തെക്കൻ കേരളത്തിലെ കോഫീ ഹൗസുകൾക്ക് ഇൗ ദുരവസ്ഥ. തൃശൂർ കോഫീ ഹൗസിലെ ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ 40 ശതമാനം അധിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണ്ണൂർ കോഫീഹൗസിൽ ലഭിക്കുന്നു. കണ്ണൂരിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 91 കോടി രൂപയാണ്. അപ്പോഴാണ് 121 കോടി വിറ്റുവരവുള്ള തൃശൂർ ആസ്ഥാനമായുള്ള 48 കോഫീഹൗസുകളിൽ 33 എണ്ണവും നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. 2017-ൽ ഭരണസമിതിയുടെ അഴിമതിയിൽ നടപടി സ്വീകരിച്ചുവെങ്കിലും സർക്കാർ ഗ്രാന്റ് സ്വീകരിക്കാത്ത സംഘങ്ങളെ രജിസ്ട്രാർക്ക് പിരിച്ചുവിടാനുള്ള അധികാരം ഇല്ലെന്ന മാനദണ്ഡം മാത്രം കണക്കിലെടുത്ത് പിരിച്ചുവിടാനുള്ള ഉത്തരവ് ഹൈക്കോടതി തടയുകയാണ് ഉണ്ടായത്.









0 comments