‘കൊക്കൂൺ 2025’ന് കൊച്ചിയിൽ തുടക്കം
സൈബർ തട്ടിപ്പുകാരെ കണ്ടെത്തുന്നത് വെല്ലുവിളി : കേന്ദ്ര ആഭ്യന്തര സെക്രട്ടറി

കൊക്കൂണ്‍–-2025’ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഡ്രമ്മിൽ താളമിട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി
മറഞ്ഞിരിക്കുന്ന സൈബർ തട്ടിപ്പുകാരെ കണ്ടെത്തുകയെന്നത് ഏറെ വെല്ലുവിളിയാണെന്നും ഡിജിറ്റല്‍ സുരക്ഷയ്ക്ക് തദ്ദേശീയ സാങ്കേതികവിദ്യകള്‍ കൂടുതലായി വളര്‍ന്നുവരണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ. കേരള പൊലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷ കോണ്‍-ഫറൻസ് ‘കൊക്കൂണ്‍–-2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡാര്‍ക്ക് വെബ്, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎന്‍) തുടങ്ങിയ രഹസ്യാത്മക സങ്കേതങ്ങളാണ് സൈബര്‍ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അതിവേഗം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുന്നു. ഇൗ മൂന്ന് കാര്യങ്ങളും സൈബർ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷക ഏജന്‍സികള്‍ക്ക് വേഗത്തില്‍ ലഭിക്കാന്‍ പ്രയാസം സൃഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുതരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് വ്യാപകമായുള്ളത്. ഡിജിറ്റല്‍ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകളിലൂടെ സാധാരണക്കാരുടെ പണം നഷ്ടപ്പെടുന്നു.
സാമ്പത്തിക നഷ്ടത്തിനൊപ്പം വ്യക്തിവിവരങ്ങളും ചോർത്തുന്നു. സ്ഥാപനങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും മാല്‍വെയറുകളും വ്യാപകമാണ്. മെട്രോ, വിമാനത്താവളം, ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലകളെയും സൈബര്‍ കുറ്റവാളികള്‍ ഉന്നംവയ്‌ക്കുന്നുണ്ട്. ഡിജിറ്റല്‍രംഗത്ത് വെല്ലുവിളികള്‍ കൂടിയതോടെ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ അറിയിക്കാനും നടപടിയെടുക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ സൈബര്‍ ക്രൈം കോ–ഓർഡിനേഷന്‍ സെന്റര്‍ (ഐ 4 സി) എന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സാധിച്ചതായും ഗോവിന്ദ് മോഹന്‍ പറഞ്ഞു.
ഡിജിപി റവാഡ ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായി. വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, എഡിജിപി എസ് ശ്രീജിത്, ഐജി പി പ്രകാശ്, സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ, സൈബര്‍ ഓപ്പറേഷന്‍സ് എസ്‌പി അങ്കിത് അശോകന്‍, ഇസ്ര പ്രസിഡന്റ് മനു സഖറിയ, ചൈല്‍ഡ് ലൈറ്റ് ഉദ്യേഗസ്ഥരായ പോള്‍ സ്റ്റാൻ ഫീള്‍ഡ്, പ്രൊഫ. ഡെബോറ ഫ്രൈ, കെല്‍വിന്‍ ലെയ, ലിഡിയ ഡെവന്‍ പോര്‍ട്ട്, ഡൗഗ് മാര്‍ഷല്‍, പ്രൊ പോള്‍ ഗ്രിഫിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശനി വൈകിട്ട് നാലിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
സെക്കൻഡിൽ 10 കുട്ടികൾ സൈബർ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു : പ്രൊഫ. ഡെബോറ ഫ്രൈ
‘സൈബറിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് ഓരോ സെക്കൻഡിലും ലോകത്ത് 10 കുട്ടികൾ ഇരയാകുന്നു. കുട്ടികളുടെ മോശം ചിത്രങ്ങളും വീഡിയോകളുമടക്കം അതിവേഗം സൈബർ ലോകത്ത് പ്രചരിക്കുന്നു. ഇതിൽ കൈക്കുഞ്ഞുങ്ങൾവരെയുണ്ടെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്.’ ‘ചൈൽഡ്‌ലൈറ്റ്–ഗ്ലോബൽ ചൈൽഡ് സേഫ്‌റ്റി ഇൻസ്‌റ്റിറ്റ്യൂട്ട്’ ഗ്ലോബൽ ഡാറ്റ ഡയറക്ടർ പ്രൊഫ. ഡെബോറ ഫ്രൈ പറയുന്നു.
‘കൊക്കൂൺ 2025’ സൈബർ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡെബോറ. ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകാതെ കുട്ടികളെ സംരക്ഷിക്കുന്ന ചൈൽഡ്‌ലൈറ്റ്, സ്‌കോട്ട്‌ലൻഡ് എഡിൻബർഗ് സർവകലാശാലയ്‌ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.
ലോകമാകെ ഒരുവർഷം 300 മില്യൺ കുട്ടികൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന് ഡെബോറ പറയുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളോ വീഡിയോദൃശ്യമോ കാണിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യൽ, ലൈംഗികചുവയോടെയുള്ള ചാറ്റിങ് തുടങ്ങിയ സൈബർ അതിക്രമങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് പണം ആവശ്യപ്പെടുന്ന സംഭവങ്ങളും ഏറെയാണ്.
നിർമിത ബുദ്ധിയും ഉപയോഗിക്കുന്നു
നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള സൈബർ ലൈംഗികാതിക്രമങ്ങളും പെരുകുകയാണ്. കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്‌ടിക്കുന്നു. 2023–24ലെ കണക്കനുസരിച്ച് ലോകമെങ്ങും ഇത്തരത്തിലുള്ള ‘ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽസ്’ നിർമിക്കുന്നതിൽ 1325 ശതമാനത്തിന്റെ വർധനയാണുണ്ടായത്. പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇത്തരത്തിലുള്ള 45 ലക്ഷത്തിലധികം വീഡിയോകളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. ഇന്ത്യയിൽ ഇത്തരം ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽസ് വർധിക്കുന്നത് തടയാൻ ശക്തമായ നിയമനിർമാണം വേണമെന്നും ഡെബോറ പറയുന്നു.
കുട്ടികൾക്കെതിരായ സൈബർ ലൈംഗികാതിക്രമങ്ങൾ തടയാൻ കേരള പൊലീസ് ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതികൾ പ്രശംസനീയമാണ്. സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ പി- ഹണ്ട് ഇതിന് ഉദാഹരണമാണെന്നും ഡെബോറ ചൂണ്ടിക്കാട്ടി.
പത്ത് മിനിറ്റിൽ ഒരേക്കറിൽ മരുന്ന് തളിക്കാം
കാർഷികവിളകൾക്ക് മരുന്ന് തളിക്കാനും വെള്ളം നനയ്‌ക്കാനും ആളില്ലെങ്കിലും കുഴപ്പമില്ല. പത്ത് മിനിറ്റുകൊണ്ട് ഒരേക്കറിൽ മരുന്ന് തളിക്കാൻ ഇവൻ മതി. കൂവപ്പടി സ്വദേശിനി ഷീബ എല്‍ദോസ്, മഴുവന്നൂര്‍ സ്വദേശിനി അച്ചാമ്മ ഏലിയാസ്, ചെങ്ങമനാട് സ്വദേശിനി കെ എ മിനി, കരുമാല്ലൂർ സ്വദേശിനി ബിന്ദു സാബു, മലപ്പുറം സ്വദേശിനി ദില്‍ഷത്ത് മുണ്ടശേരി എന്നിവരാണ് മരുന്ന് തളിക്കുന്ന ഡ്രോണുമായി കൊക്കൂൺ സൈബർ സുരക്ഷാ സമ്മേളനത്തിലെ പ്രദർശനവേദിയിൽ താരങ്ങളായത്.

കുടുംബശ്രീ അംഗങ്ങളായ ഇവർക്ക് കേന്ദ്രസര്‍ക്കാർ പദ്ധതിപ്രകാരമാണ് ഡ്രോൺ ലഭിച്ചത്. കുടുംബശ്രീ മിഷൻ വഴിയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 10 ലക്ഷമാണ് ഒരു ഡ്രോണിന്റെ വില. ഡ്രോൺ പറത്താൻ ചെന്നൈ ഗരുഡ എയ്‌റോ സ്‌പേസിൽ പരിശീലനവും ലഭിച്ചു. കുടുംബശ്രീ മിഷനും നാലു ദിവസത്തെ പരിശീലനം ഒരുക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം ഡ്രോണ്‍ സംഘങ്ങളുണ്ടെന്ന് ഇവർ പറയുന്നു. ചൂരല്‍മല ദുരന്തസമയത്ത് ഇത്തരം ഡ്രോണിലാണ് ദുരിതബാധിത മേഖലകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ചത്.
വിസ്‌മയമായി ‘ഡ്രോൺഷോ’
കൊക്കൂൺ സൈബർ കോൺഫറൻസിൽ വിസ്‌മയമൊരുക്കി ഡ്രോൺ ഷോ. ഡ്രോണുകൾ നിറങ്ങൾ വാരിവിതറി പറന്നത് പ്രതിനിധികൾക്ക് വിസ്‌മയക്കാഴ്‌ചയായി. ഇന്ത്യൻ മിലട്ടറിക്ക് കൗണ്ടർ അറ്റാക്കിങ്ങിന് ഉപയോഗിക്കാൻ സാധിക്കുന്ന 12 സൂയിസെൈഡ് ഡ്രോണുകളാണ് ഷോയിൽ പങ്കെടുത്തത്. ഇതിൽ ഏറ്റവും വലിയ സൂയിസൈഡ് ഡ്രോണായ എഫ്‌പിവിയും (ഫസ്‌റ്റ് പൊസിഷൻ വ്യൂ) ഇടംപിടിച്ചു. കാലടി ആദിശങ്കര കോളേജ് ഓഫ് എൻജിനിയറിങ് റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർഥി വി എസ് ഇന്ദ്രജിത്താണ് ഇൗ ഡ്രോൺ നിർമിച്ചത്.

ഫെഡറേഷൻ ഓഫ് എയ്‌റോസ്‌പേസ് എൻജിനിയേഴ്‌സ് ആൻഡ് റോബോട്ടിക്‌സ് ഇന്നൊവേഷൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ നേതൃത്വത്തിലായിരുന്നു ഷോ. ട്രസ്‌റ്റ് ചെയർമാൻ എ ബി അനൂപിന്റെ നേതൃത്വത്തിലാണ് ഷോ സംഘടിപ്പിച്ചത്. ഇന്ത്യൻ കളിപ്പാട്ടനിർമാണ മാർക്കറ്റിന്റെ ശക്തി വിളിച്ചോതി റിമോട്ട് കൺട്രോൾ നിയന്ത്രിത ചെറുകാറുകളുടെയും ബൈക്കുകളുടെയും പ്രകടനവും അരങ്ങേറി.









0 comments