സി എൻ മോഹനൻ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എൻ മോഹനൻ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്.
വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി എൻ മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. '92-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. ജിസിഡിഎ ചെയർമാനായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗം, കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ്, ഇ എം എസ് പഠന കേന്ദ്രം, ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ കെ എസ് വനജ. മക്കൾ: ചാന്ദ്‌നി, വന്ദന. മരുമകൻ: അമൽ ഷാജി.









0 comments