print edition നഗരം അശാന്തം; മേയര്‍ ഉലകം ചുറ്റലില്‍


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 09, 2026, 12:02 AM | 1 min read
തിരുവനന്തപുരം: മാലിന്യവും തെരുവുനായകളും പകർച്ചവ്യാധികളും നഗരം കീഴടക്കുന്പോൾ കോർപറേഷന് നേതൃത്വം നൽകേണ്ടവർ ഉലകംചുറ്റുന്നു. തുടർച്ചയായ ദിവസങ്ങളിൽ തെരുവുനായ ആക്രമണത്തില്‍ വിദ്യാർഥി കൊല്ലപ്പെടുകയും വയോധികന്റെ മുഖം കടിച്ചുപറിക്കുകയും ചെയ്‌തിട്ടും പ്രതികരിക്കാത്ത മേയർ വി വി രാജേഷ് ഡൽഹിയിലേക്ക് പോയി.
തെരുവുനായശല്യം, മാലിന്യം, മഴക്കാലപൂർവ ശുചീകരണം, പകർച്ചവ്യാധികൾ എന്നിവ ചർച്ച ചെയ്യാന്‍ അടിയന്തരമായി കൗൺസിൽ വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷകക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മേയറോ ഭരണസമിതിയോ കേട്ടമട്ടില്ല. ജനങ്ങളെയും നഗരത്തെയും ബാധിക്കുന്ന വിഷയങ്ങളിലൊന്നും താൽപ്പര്യം കാണിക്കാതെ സമൂഹമാധ്യമങ്ങളിൽ റീൽസ് ഇടുന്നവര്‍മാത്രമായി മേയറും ഡെപ്യൂട്ടി മേയറും മാറിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
മെയ് 12നാണ് അവസാനമായി കോർപറേഷൻ കൗൺസിൽ ചേർന്നത്. മാസത്തിൽ ഒരു കൗൺസിൽ എന്നതാണ് ചട്ടമെങ്കിലും അടിയന്തര വിഷയങ്ങളിൽ തീരുമാനമെടുക്കാനുണ്ടെങ്കിൽ ഒന്നിലേറെത്തവണ വിളിച്ചുചേർക്കാം. എൽഡിഎഫിന്റെ കാലത്ത് മാസത്തിൽ മൂന്നു കൗൺസിൽവരെ ചേര്‍ന്നിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയശേഷം കൗൺസിൽ വിളിക്കുന്നതിൽ വിമുഖത കാട്ടുന്നുണ്ട്. പേരിനുമാത്രം ചേരുന്ന കൗണ്‍സിലുകള്‍ ചര്‍ച്ചയ്ക്കുള്ള അവസരമൊരുക്കാതെ ചടങ്ങുമാത്രമായി ഒതുങ്ങുന്നുമുണ്ട്. ചർച്ചകളെ അവർ ഭയക്കുന്നതുകൊണ്ടാണ് ഒളിച്ചോടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
നായകളുടെ എണ്ണം വർധിച്ചു
ബിജെപി അധികാരത്തിലെത്തിയശേഷം തെരുവുനായകളുടെ കണക്കെടുത്തിട്ടില്ല. മുൻ ഭരണസമിതിയുടെ കാലത്തെ കണക്കിൽ എണ്ണായിരത്തിലേറെ ഉണ്ടായിരുന്നു. ഇപ്പോൾ അത് പതിനായിരത്തിനുമുകളിൽ എത്തിയിരിക്കാമെന്നാണ് അനുമാനം. നായകളുടെ എണ്ണം നിയന്ത്രിക്കാനുള്ള വന്ധ്യംകരണപദ്ധതി (എബിസി)യും കാര്യക്ഷമമായി നടക്കുന്നില്ല. മുന്പ് ദിവസവും 40 എണ്ണത്തിനെയെങ്കിലും വന്ധ്യംകരിച്ച്, നായകളുടെ എണ്ണം വർധിക്കുന്നത് തടഞ്ഞിരുന്നു. ഇപ്പോൾ അത് നടപ്പാക്കുന്നില്ല.










0 comments