print edition മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്ര: വിവാദമായപ്പോൾ തെന്നിമാറുന്നു: പി രാജീവ്

കൊച്ചി: ഹെലികോപ്‌റ്റർ യാത്ര വിവാദമായപ്പോൾ തെന്നിമാറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. നിക്ഷേപകനെ കാണാനാണ് കൊച്ചിയിലേക്ക് വന്നതെന്നാണ് പറഞ്ഞത്. സാധാരണ നിക്ഷേപകരെ ടീമായാണ് കാണുക. ആരും അറിയാതെ നിക്ഷേപകരെ കണ്ടതിന്റെ വിവരങ്ങൾ സർപ്രൈസായി പിന്നീട് പറയുമായിരിക്കുമെന്നും രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുള്ളപ്പോഴാണ് മുഖ്യമന്ത്രി പൊന്നാനിയിൽ ഭക്ഷണം കഴിക്കാനും സ്വകാര്യപരിപാടികളിൽ പങ്കെടുക്കാനും പോയത്. ജനങ്ങളൊന്നും അങ്ങനെ ടെൻഷനടിക്കേണ്ട എന്ന സന്ദേശം നൽകാനാണ് പൊന്നാനിയിലെ വിരുന്നിലും സ്വകാര്യ പരിപാടികളിലും പങ്കെടുത്തതെന്ന് വേണമെങ്കിൽ മുഖ്യമന്ത്രിക്ക് പറയാം.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ചയാണ് സർക്കാർ ഉന്നതതലയോഗം ചേർന്നതെന്നാണ് മനസ്സിലായത്. തുടർന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മുന്പ് ഉന്നതതലയോഗം ചേർന്നതിന്റെ വിവരമൊന്നും അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജിലും കണ്ടിട്ടില്ല.
പിഎം ശ്രീ നടപ്പാക്കാൻ മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതുകൊണ്ടാണ് പ്രത്യേക സമിതി യോഗം ചേരാതിരുന്നത്. ഫണ്ട് വാങ്ങുന്നില്ല, അത് നടപ്പാക്കുന്നുമില്ല എന്ന നിലപാടാണ് എൽഡിഎഫ് എടുത്തതെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.










0 comments