ഡൽഹിയിൽ അടിയന്തിരാവസ്ഥയ്‌ക്ക് സമാനമായ കിരാത അന്തരീക്ഷം: പൊലീസ് ബിജെപിയുടെ ചട്ടമ്പികളായി; സിപിഐ എം

ഫോട്ടോ: പി വി സുജിത്ത്
തിരുവനന്തപുരം: ഡൽഹിയിൽ അടിയന്തിരാവസ്ഥയ്‌ക്ക് സമാനമായ കിരാത അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് സിപിഐ എം. ആർഎസ്‌എസ് - ബിജെപി ചട്ടമ്പികളെ പോലെ അക്രമകാരികളായി ഡൽഹി പൊലീസ് മാറിയിരിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങളെ അടിച്ചമർത്തുകയും, സിപിഐ എം മുതിർന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ ശക്തിയായി പ്രതിഷേധിക്കണമെന്നും സിപിഐ എം പറഞ്ഞു.
സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എ വിജയരാഘവൻ, പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മഹിളാ - വിദ്യർഥി - യുവജന നേതാക്കൾ, എം പിമാർ തുടങ്ങിയവരെയാകെ കസ്റ്റഡിയിൽ എടുത്തു. നരേന്ദ്ര മോദിയും, അമിത്‌ഷായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാനായി രാജ്യത്തെ തന്നെ കലാപത്തിലേക്ക് തള്ളിവിടുന്ന കാഴ്‌ചയാണ് കാണുന്നത്. അര ലക്ഷത്തിലധികം പൊലീസുകാരെയും അർധ സൈനികരെയും വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌ത് ലോക്‌ഡൗണിന് സമാനമായ അന്തരീക്ഷമുണ്ടാക്കിയത് എന്തിനെന്ന് ബിജെപി മറുപടി പറയണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഇന്റർനെറ്റ് നിരോധിച്ചു, മെട്രോ റെയിൽവെയുടെ 57 സ്റ്റേഷനുകൾ അടച്ചിട്ടു. കേരളത്തിൽ നിന്നടക്കം ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനുകൾ ഡൽഹി വരെയുള്ള ഓട്ടം നിർത്തി. സിജെപി നേതാവ് അഭിജീത്ത് ദീപ്‌കെയെ ഉൾപ്പെടെയുള്ളവരെ ഫ്‌ളൈറ്റിൽ കയറി പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം കാടത്തമാണ്. ഇതൊക്കെ സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും തടയുന്ന നടപടികളാണ്. എം എ ബേബി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കോടതി പോലും ഇത്തരം നിരോധനത്തോട് വിയോജിക്കേണ്ടി വന്നു.
13 കോടിയിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒരു ന്യായവുമില്ലാതെ വെട്ടിനീക്കിയെന്ന യാഥാർഥ്യം പുറത്തുവന്ന് കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ആർഎസ്‌എസ് - ബിജെപി സംഘത്തിന് വേണ്ടി ആരാച്ചാർ പണിയാണ് നടത്തുന്നതെന്നും വ്യക്തമായി. ഇതിനെതിരെ രാജ്യത്തെങ്ങുമുയരുന്ന സമാധാനപരമായ സമരത്തെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാമെന്നാണ് അമിത്‌ഷായും കൂട്ടരും കണക്കാക്കുന്നത്.
ഇതിനേക്കാൾ വലിയ ഇരുമ്പ് മറകൾ ഭേദിച്ചാണ് ഈ രാജ്യം സ്വാതന്ത്ര്യം നേടിയതും, ജനാധിപത്യത്തെ സംരക്ഷിച്ചുപോന്നതും. അത് ആർഎസ്‌എസും, ബിജെപിയും മറക്കരുത്. ഈ സമരത്തിനലും അന്തിമ വിജയം ജനങ്ങൾക്ക് തന്നെയാകും. പൊലിസിനേയും, മറ്റ് സേനകളേയും ഉപയോഗിച്ചുള്ള ജനാധിപത്യപരമായ പ്രതിഷേധത്തെ ഫാസിസ്റ്റ് രീതിയിൽ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും, യോഗങ്ങളും നടത്തണമെന്ന് സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.








0 comments