സർക്കാർ പ്രാദേശിക അവധി നൽകിയില്ല; ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

പ്രതീകാത്മക ചിത്രം
ആലപ്പുഴ : സംസ്ഥാനത്തെ ജലോത്സവ സീസണിന് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് പമ്പാനദിയിൽ ആവേശകരമായ മത്സരങ്ങൾ ആരംഭിക്കുക.
വള്ളംകളി പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാജപ്രമുഖൻ ട്രോഫിക്കായുള്ള പോരാട്ടത്തിൽ ഇത്തവണ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഓളപ്പരപ്പിൽ മാറ്റുരയ്ക്കുന്നത്. സീസണിലെ ആദ്യ വള്ളംകളിയായതിനാൽ തന്നെ ആവേശകരമായ പോരാട്ടത്തിനാണ് പമ്പാനദി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിനുണ്ട്. മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന ഈ ജലോത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വള്ളംകളികളിലൊന്നാണ്.
മന്ത്രി പി സി വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി നായർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
ചമ്പക്കുളം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരുന്നു. അവധി അനുവദിക്കണമെന്ന കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ആവശ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ അനൗദ്യോഗിക പ്രതികരണമാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നത്.
സഭയിൽ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് 'ആലോചിക്കാം' എന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി മറുപടി നൽകിയിരുന്നു. എന്നാൽ അതിനുശേഷം സീറ്റിലിരുന്ന മുഖ്യമന്ത്രി "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് തൊട്ടടുത്തിരുന്ന ആളോട് രഹസ്യമായി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. മൈക്ക് ഓഫ് ആണെന്ന് കരുതി നടത്തിയ ഈ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചതോടെയാണ് പ്രതിഷേധം കടുത്തു.
മുഖ്യമന്ത്രി വി ഡി സതീശന്‍റെ വിവാദ പരാമർശത്തിൽ ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ചുകൊണ്ടുള്ള വള്ളം തുഴഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് ഇന്ന് കുട്ടനാട്ടിൽ സർക്കാർ പ്രദേശിക അവധി അനുവദിച്ചില്ല.










0 comments